കൊച്ചി: ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ സംഘം. കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു തുടങ്ങി. മരുന്നുകളോടും പ്രതികരിക്കുന്നില്ല. ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയെ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു. ആശുപത്രിയില്‍ എത്തിയാണ് സംഘം പരിശോധന നടത്തിയത്. ജീവന് ഭീഷണിയായിരുന്ന രക്തസ്രാവം നിയന്ത്രിച്ചു. തലച്ചോറിന്റെ വലതുഭാഗത്തെ പരുക്ക് ഗുരുതരമാണെന്നും വരുന്ന 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍ ജയദേവ് അറിയിച്ചു.
അതേസമയം കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. വധശ്രമം, ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. അല്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.ഇന്നലെ വൈകുന്നേരമാണ് ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്.
കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ മര്‍ദനത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ളതാണെന്നാണ് നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ് പാടുകള്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെയാണ് ഏലൂര്‍ ആനവാതിലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ദമ്പതികള്‍ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടി വീടിന്റെ ടെറസില്‍ നിന്ന് വീണെന്നായിരുന്നു ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. പരിക്കുകളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Discussion about this post