കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച 16 ദിവസം പ്രായമായ ആണ്‍കുഞ്ഞ് ഐസിയുവില്‍ തുടരുന്നു. വിവിധ രക്തപരിശോധനകളുടെ ഫലം ലഭിച്ചാല്‍ കുഞ്ഞിന് വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തിയേക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കുഞ്ഞിന്റെ ആരോഗ്യനില വളരെ സങ്കീര്‍ണമായതിനാല്‍ ശസ്ത്രക്രിയ ഏറെ അപകടസാധ്യതയുള്ളതാണെന്നും ശസ്ത്രക്രിയയ്ക്ക് ശേഷവും കുഞ്ഞ് ഐസിയുവില്‍ പൂര്ണനിരീക്ഷണത്തില് തുടരുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ അല്ലാതെ വേറെയും പ്രശ്നങ്ങള്‍ കാണുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഹൃദയത്തിന്റെ അറകളിലേക്ക് രക്തം പമ്പ് ചെയ്യുന്ന വെന്‍ട്രിക്കിളിലുണ്ടാകുന്ന ദ്വാരം, പ്രധാന ധമനിക്കുണ്ടാകുന്ന ചുരുക്കം, അയോര്‍ട്ടിക് വാല്‍വിന്റെ ജന്മനാ ഉണ്ടായിരുന്ന വൈകല്യം തുടങ്ങിയവയായിരുന്നു കുഞ്ഞിന്റെ ഹൃദയത്തിനുണ്ടായിരുന്ന രോഗങ്ങള്‍. ഇത് മറ്റുള്ള അവയവങ്ങളെയും ബാധിച്ചു.
അതിനാല്‍ കുട്ടിയുടെ ശരീരത്തെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. വൃക്ക, കരള്‍, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കുകയും അണുബാധയില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാകും ശസ്ത്രക്രിയ.
കാസര്‍കോഡ് സ്വദേശികളായ സാനിയ – മിത്താഹാ ദമ്പതികളുടെ കുഞ്ഞിനെ ഇന്നലെ അഞ്ചരമണിക്കൂര്‍ കൊണ്ടാണ് ആംബുലന്‍സില്‍ മംഗളൂരുവില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചത്. കുഞ്ഞിന്റെ ചികില്‍സാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി ഇന്നലെ കുഞ്ഞിന്റെ ബന്ധുക്കളെ അറിയിച്ചിരുന്നു. നേരത്തെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം.
Discussion about this post