തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തലയ്ക്കേറ്റ പരിക്കില്‍ നിന്ന് സുഖം പ്രാപിക്കുന്നതായി ശശി തരൂര്‍. സുഖവിവരം അന്വേഷിച്ച് വിളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തലയ്ക്ക് എട്ട് സ്റ്റിച്ചുണ്ടെന്നും 24 മണിക്കൂര്‍ ആശുപത്രി നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സനല്‍ കുമാര്‍ തമ്ബാനൂര്‍ പൊലീസിന് ഇതു സംബന്ധിച്ച പരാതി നല്കി. അപകടത്തെ തുടര്‍ന്ന് തരൂരിന്റെ ഇന്നത്തെ പ്രചാരണ പരിപാടികള്‍ റദ്ദാക്കിയിരുന്നു.
തുലാഭാരത്രാസ്സില് പ്രവര്‍ത്തകര്‍ തൂങ്ങിയത് കൊണ്ടാണ് ചങ്ങല പൊട്ടിപ്പോയതെന്ന് ക്ഷേത്രം ഭാരവാഹികള്‍ വിശദീകരിച്ചിരുന്നു.
നിര്‍ദ്ദേശം അനുസരിക്കാതെ പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവച്ചെന്ന് ക്ഷേത്രം സെക്രട്ടറി ആര് പി നായര്‍ പറഞ്ഞു.
കൂടാതെ പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചു തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള് ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. പെട്ടെന്ന് ഭാരം വന്നപ്പോള്‍ ചങ്ങലയുടെ കൊളുത്ത് നിവര്‍ന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി വ്യക്തമാക്കി.
Discussion about this post