കൊച്ചി: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് സ്റ്റേ. കീഴാറ്റൂര്‍ വിഷയത്തില്‍ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ്. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇത് വയല്‍ക്കിളികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷും അമ്മ ചന്ദ്രോത്ത് ജാനകിയും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതി ജഡ്ജി മുഷ്താക്കിന്റെ നടപടി.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പിജി കൃഷ്ണനാണ് വയല്‍കിളികള്‍ക്ക് വേണ്ടി ഹാജരായത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ 13 എതിര് കക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ 26 വാദങ്ങള്‍ വയല്‍ക്കിളികള്‍ ഹൈക്കോടതിക്ക് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു.
തളിപ്പറമ്പുവഴി കടന്നു പോകുന്ന ദേശീയപാതക്ക് കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം കീഴാറ്റൂരില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു. വയല്‍ നഷ്ടപ്പെടുത്തി ബൈപ്പാസ് വേണ്ടെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ വയല്‍കിളി സമരത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കിയിരുന്നു.
Discussion about this post