തൊടുപുഴ: കണ്ണില്ലാത്ത ക്രൂരതയ്ക്കിരയായി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായ ഏഴുവയസ്സുകാരന് ഇനി നോവുന്ന ഓര്‍മ്മ. അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി മരണത്തിന് കീഴടങ്ങിയ കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.
തൊടുപുഴയിലെ അമ്മയുടെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. നൂറ് കണക്കിന് പേരാണ് കുഞ്ഞിന് ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയത്. രാത്രി വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. നീണ്ട പത്ത് ദിവസം വെന്റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് നൊമ്പരമായി അവന് മരണത്തിന് കീഴടങ്ങിയത്. തലയോട്ടിക്ക് ഏറ്റ ഗുരുതരമായ പരുക്കാണ് കുട്ടിയുടെ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് പത്ത് ദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്. ഇന്നലെ രാത്രിയോടെ ആരോഗ്യനില കൂടുതല്‍ വഷളായി. കുടലിന്റെ പ്രവര്‍ത്തനം നിലച്ചതിനാല്‍ ദ്രവ രൂപത്തില്‍ ഭക്ഷണം നല്‍കുന്നത് നിര്‍ത്തി. രാത്രിയോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. രക്ത സമ്മര്‍ദ്ദം താണു. ഇന്ന് രാവിലെ സ്ഥിതി കൂടുതല്‍ വഷളായി. 11.35ന് എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി ആ കുഞ്ഞ് യാത്രയായി.
മാതാവിന്റെ സുഹൃത്ത് നടത്തിയ മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയോട്ടി പൊട്ടുകയും തലച്ചോറ് പുറത്തു വരികയും ചെയ്തിരുന്നു. കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി എട്ട് ദിവസം മുന്‍പ് തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും മറ്റു അവയവങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഡോക്ടര്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടിയുടെ ജീവന് നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു.
കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു വരികയായിരുന്നു. കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിനെ അതിജീവിക്കാന്‍ കുട്ടിക്കായില്ല. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ഷൈലജയും ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ചിരുന്നു.
Discussion about this post