തൃശ്ശൂര്‍: പ്രളയ സമയത്ത് ബാങ്കില്‍ നിന്നും അതിവിദഗ്ദമായി സ്വര്‍ണ്ണം കവര്‍ന്നവര്‍ എട്ടുമാസങ്ങള്‍ക്ക് ശേഷം പോലീസ് വലയിലായി. പ്രളയം ഏറെ ബാധിച്ച് പ്രദേശമായിരുന്നു ചാലക്കുടി. ചാലക്കുടിയിലെ യൂണിയന് ബാങ്കിലാണ് അതിവിദഗ്ദ മോഷണം നടന്നത്.
ചാലക്കുടിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു. ഇങ്ങനെ, വെള്ളത്തില്‍ മുങ്ങിയ യൂണിയന് ബാങ്ക് ശാഖയില്‍ നിന്ന് ഏകദേശം മൂന്നു കിലോ സ്വര്‍ണം കാണാതായി. ബാങ്ക് അധികൃതര്‍ വ്യാപകമായി തിരഞ്ഞു. ബാങ്കിന്റെ ലോക്കര്‍ പ്രളയത്തില്‍ തുറന്നിരുന്നില്ല. പിന്നെ, എങ്ങനെ സ്വര്‍ണം ലോക്കറില്‍ നിന്ന് അപ്രത്യക്ഷമായി. തുമ്പൊന്നും കിട്ടാതെ പോലീസും വലഞ്ഞു.
ശേഷം എട്ടുമാസങ്ങള്‍ക്ക് ശേഷം, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ
കള്ളപ്പണ പരിശോധനയിലാണ് മോഷ്ടാവ് പിടിയിലായത്. ബാങ്കിലെ പ്യൂണ്‍ ആയിരുന്ന തൃശൂര്‍ ആറാട്ടുപുഴ സ്വദേശി ശ്യാം(25) ആണ് അറസ്റ്റിലായത്.
പുതുക്കാട് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പിആര്‍. സ്മിതയുടെ നേതൃത്വത്തില്‍ പൂച്ചിന്നിപ്പാടത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ കാറിലുണ്ടായിരുന്ന ബാഗില്‍ വിവിധ കവറുകളിലായി പണയസ്വര്‍ണം കണ്ട് സംശയം തോന്നി, ചേര്‍പ്പ് പോലീസ് ഇന്‍സ്പെക്ടര്‍ പി.എ. ഫൈസലിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കവര്‍ച്ചയെക്കുറിച്ചറിഞ്ഞത്.
ചാലക്കുടി വെള്ളത്തില്‍ മുങ്ങിയപ്പോഴാണ് ആഢംബരപ്രിയനായ ശ്യാമിന്റെ മനസ്സില്‍ മോഷണമെന്ന ആശയം തെളിഞ്ഞുവന്നത്. പ്രളയത്തില്‍ മുങ്ങിയ ബാങ്കില്‍ നിന്ന് പണയ ആഭരണങ്ങള്‍ തട്ടിയെടുക്കുക. അതിനായി, പദ്ധതിയും തയാറാക്കി. ഭൂരിഭാഗം വനിതാ ജീവനക്കാരുള്ള ബാങ്ക് ശാഖയില്‍ പ്രളയത്തിന്റെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കാന്‍ മുന്പില് നില്‍ക്കണം. നനഞ്ഞ ഫയലുകളും മറ്റും മാറ്റുന്നതിനിടെ പണയ സ്വര്‍ണത്തിന്റെ പായ്ക്കറ്റുകളും മറ്റണം.
ആത്മാര്‍ഥമായി ബാങ്കു വൃത്തിയാക്കാന്‍ മുന്പില് നിന്ന പ്യൂണിനെ ജീവനക്കാര്‍ അവിശ്വസിച്ചില്ല. നനഞ്ഞ ഫയലുകളുടെ കൂട്ടത്തില്‍ ആഭരണ പായ്ക്കറ്റുകളും ശ്യാം മാറ്റി. പല സമയങ്ങളിലായി മൂന്നു കിലോ സ്വര്‍ണം ഒളിപ്പിച്ചു കടത്തി. പല ധനകാര്യ സ്ഥാപനങ്ങളിലായി പണയപ്പെടുത്തി. ഇതിനു കൂട്ടുപിടിച്ചതാകട്ടെ എ.ടി.എം. കൗണ്ടറിന്റെ സെക്യൂരിറ്റി ജീവനക്കാരനായ അഷ്ടമിച്ചിറ സ്വദേശി ജിതിനേയും. ചോദ്യം ചെയ്യലിനു ശേഷം ഈ സ്വര്‍ണമെല്ലാം പോലീസ് കണ്ടെടുത്തു.
പ്രളയത്തിനു ശേഷമുള്ള വൃത്തിയാക്കല്‍ ജോലികള്‍ക്ക് ബാങ്ക് സ്തുതര്‍ഹ്യ സേവനത്തിനുള്ള പുരസ്ക്കാരം ഈ പ്യൂണിനു നല്‍കിയിരുന്നു. ‘കള്ളന് കപ്പലില്‍ തന്നെയാണെന്ന്’ ബാങ്ക് അധികൃതര്‍ അറിഞ്ഞതുമില്ല. ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയില്‍ പാസായി. ഉടനെ സ്ഥാനക്കയറ്റം പ്രതീക്ഷിച്ചു നില്ക്കുന്ന ജീവനക്കാരന് ഒരു കള്ളനാണെന്ന് തിരിച്ചറിയാന്‍ ബാങ്ക് അധികൃതര്‍ക്കു സാധിച്ചില്ല.
ആഡംബര കാറുകള്‍ ശ്യാമിന് വീക്നെസായിരുന്നു. എങ്ങനെയും ആഡംബര കാറുകള്‍ വാങ്ങണമെന്ന നിര്‍ബന്ധം. തട്ടിയെടുത്ത സ്വര്‍ണം പണയപ്പെടുത്തി മൂന്നു കാറുകള്‍ ഇങ്ങനെ വാങ്ങി. വലിയൊരു ടൂറിസ്റ്റ് ബസ് ആയിരുന്നു അടുത്ത ഉന്നം. അതിനുള്ള പണം സമാനമായി കണ്ടെത്താനായിരുന്നു ശ്രമം.
പണയഉരുപ്പടികള്‍ തിരിച്ചെടുക്കാന്‍ വന്ന ഇടപാടുകാര്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള പെടാപ്പാടിലായിരുന്നു ബാങ്ക് അധികൃതര്‍. ഇതിനിടെയാണ്, സ്വര്‍ണം കൊണ്ടുപോയത് പ്രളയമല്ലെന്നും സ്വന്തം പ്യൂണാണെന്നും ബാങ്കിനു മനസിലായത്.
Discussion about this post