ആലപ്പുഴ: കള്ളിന് വീര്യം കൂട്ടാന്‍ കഞ്ചാവ് ചേര്‍ത്ത 22 ഷാപ്പുകള്‍ എക്സൈസ് അധികൃതര്‍ പൂട്ടിച്ചു. ചേര്‍ത്തല, കുട്ടനാട്, മാവേലിക്കര എന്നിവിടങ്ങളിലെ ഷാപ്പുകളിലെ കള്ളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. ഷാപ്പുകളുടെ ലൈസന്‍സികളുടെയും വില്‍പ്പനക്കാരുടേയും പേരില്‍ എക്‌സൈസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് പരിശോധനയുടെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഷാപ്പുകളില്‍ നിന്നും കള്ളിന്റെ സാമ്പിള്‍ എടുത്തത്. ഇതിന്റെ പരിശോധനാ ഫലം കഴിഞ്ഞ ദിവസം എക്‌സൈസിന് ലഭിച്ചത്. പരിശോധനയില്‍ കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതായി എക്‌സൈസ് അധികൃതര്‍ കമ്മീഷണറെ അറിയിച്ചിരുന്നു.
തുടര്‍ന്ന് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി കേസെടുത്തത്. കള്ളിന്റെ ഉത്പാദനം കുറഞ്ഞ സമയത്തെ സാമ്പിളുകളാണ് ശേഖരിച്ചത് എന്നതിനാല്‍ പ്രദേശത്ത് ഉത്പാദിപ്പികുന്ന കള്ളിലാണോ പുറത്തുനിന്നും എത്തിച്ച കള്ളിലാണോ കഞ്ചാവ് കലര്‍ത്തിയത് എന്ന് വ്യക്തമായിട്ടില്ല.