കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസിന്. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതും ആര്‍എസ്എസ് ആയിരുന്നു. ഓരോ മണ്ഡലത്തിലേയും പ്രചാരണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക ചുമതലയുള്ള ആര്‍എസ്എസ് നേതാക്കളാണ്. എല്ലാ ചുമതലയും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹക് എം രാധാകൃഷ്ണനാണ്.
തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല ആര്‍എസ്എസിന്റെ പ്രമുഖ നേതാവ് കെ പ്രസാദ് ബാബുവിനാണ്. പത്തനംതിട്ടയില്‍ പ്രാന്തീയ സമ്പര്‍ക്ക് പ്രമുഖ് കെബി ശ്രീകുമാറിനും തൃശൂരില്‍ പ്രാന്തീയ സേവാപ്രമുഖ് എ വിനോദിനുമാണ് ചുമതല.
തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസുകാര്‍ക്ക് മണ്ഡലം ചുമതല നല്‍കാറുണ്ടെങ്കിലും ഇത്തവണ പൂര്‍ണ അധികാരമാണ് നല്‍കിയത്. ചുമതലയുള്ള ബിജെപി നേതാക്കള്‍ ആര്‍എസ്എസ് പ്രതിനിധികളുടെ നിര്‍ദേശം അനുസരിക്കണം. സ്ഥാനാര്‍ഥി നിര്ണയത്തിനുപുറമെ പ്രചാരണരംഗത്തും ആര്‍എസ്എസ് സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും അസംതൃപ്തരാണ്.
ആര്‍എസ്എസ്സിലൂടെ അല്ലാതെ ബിജെപിയില്‍ എത്തിയവരേയും പ്രാദേശിക നേതാക്കളെയും പൂര്‍ണമായും അവഗണിച്ചാണ് ആര്‍എസ്എസ് പ്രചാരണത്തിന് രൂപം നല്‍കിയത്. കേന്ദ്രത്തില്‍ നിന്ന് വരുന്ന ഫണ്ട് അടക്കം കൈകാര്യം ചെയ്യുക ചുമതലയുള്ള ആര്‍എസ്എസ് നേതാക്കളാണ്. സര്‍വേയുടെ അടിസ്ഥാനത്തില്‍ മൂന്നു കാറ്റഗറിയായാണ് മണ്ഡലങ്ങളെ വേര്‍തിരിച്ചത്. ഇതനുസരിച്ച് കോടിക്കണക്കിന് രൂപ ഓരോ മണ്ഡലത്തിനും ലഭിക്കും.
യുഡിഎഫുമായുള്ള വോട്ട് കച്ചവടം പ്രാവര്‍ത്തികമാക്കലും പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തതിലെ പ്രധാന ലക്ഷ്യമാണ്. കണ്ണൂര്‍, വടകര, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച് യുഡിഎഫിനെ സഹായിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ കൂട്ടുകെട്ട് കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘപരിവാര്‍ തീരുമാനം.
Discussion about this post