മാവേലിക്കര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളെയും യുഡിഎഫ് സ്ഥാനാര്‍ഥികളെയും പിന്തുണയ്ക്കാന്‍ നിര്‍ദേശം ലഭിച്ചതായി രാജി വച്ച എന്‍എസ്എസ് അംഗത്തിന്റെ വെളിപ്പെടുത്തല്‍.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിയെ പിന്തുണക്കാന്‍ എന്‍എസ്എസ് നിര്‍ദേശം നല്കി. മറ്റിടങ്ങളില്‍ യുഡിഎഫിനെ പിന്തുണക്കാനാണ് എന്‍എസ്എസ് കരയോഗങ്ങള്‍ക്ക് ചങ്ങനാശ്ശേരിയില്‍ നിന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും രാജിവെച്ച എന്‍എസ്എസ് മാവേലിക്കര താലൂക്ക് യൂണിയന് പ്രസിഡന്റ് ടികെ പ്രസാദ് ആരോപിച്ചു. ബിജെപിക്ക് ജയസാധ്യത ഉള്ള മണ്ഡലങ്ങളില്‍ അവരെയും മറ്റിടങ്ങളില്‍ യുഡിഎഫിനെയും പിന്തുണയ്ക്കണമെന്നാണ് നിര്‍ദ്ദേശമുണ്ടായിരുന്നതെന്നും ടികെ പ്രസാദ് വ്യക്തമാക്കി.
മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിനെ സ്വീകരിച്ചതിന് കഴിഞ്ഞ ദിവസം മാവേലിക്കര എന്‍എസ്എസ് യൂണിയനെതിരെ നടപടിയുണ്ടായിരുന്നു. മാവേലിക്കര താലൂക്ക് യൂണിയന് പിരിച്ചുവിട്ട് പകരം അഡ്ഹോക് കമ്മിറ്റിയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടികെ പ്രസാദിന്റെ വെളിപ്പെടുത്തല്‍.
വാക്കാലാണ് ചങ്ങനാശ്ശേരിയില്‍ നിന്ന് എന്‍എസ്എസ് യൂണിറ്റുകള്‍ക്ക് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ഒരു തരത്തിലും പിന്തുണക്കരുത്. അവരുമായി ബന്ധംപുലര്‍ത്തരുത് എന്നും നിര്‍ദേശിക്കുകയുണ്ടായി. ഇതിനിടയിലാണ് ചിറ്റയം ഗോപകുമാര്‍ വോട്ടഭ്യര്‍ഥിച്ച് ഓഫീസിലെത്തിയത്. ഓഫീസിലെത്തിയ ചിറ്റയം ഗോപകുമാറിനെ സ്വീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ടികെ പ്രസാദ് പറഞ്ഞു.
Discussion about this post