കൊച്ചി: നിയമപോരാട്ടങ്ങള്‍ക്കും ദുരിത ജീവിതത്തിന് അറുതി വരുത്തി പ്രീത ഷാജിയും കുടുംബവും വീണ്ടും ഗൃഹപ്രവേശം നടത്തി. സര്‍ഫാസി നിയമത്തിനെതിരെ പൊരുതി നേടിയെടുത്ത വിജയം പ്രമുഖരുടെ സാന്നിധ്യത്തില്‍ ആഘോഷമാക്കിയിരിക്കുകയാണ് ഇടപ്പളളി മാനാത്തുപാടത്തെ ജനങ്ങള്‍.
നീതിയുടെ വാതിലുകള്‍ തുറന്നതോടെ പ്രീതയ്ക്കും കുടുംബത്തിനും കാല്‍നൂറ്റാണ്ടിന്റെ ദുരിതത്തില്‍ നിന്നാണ് അറുതിയായത്. റിട്ട. ജസ്റ്റിസ് പികെ ഷംസുദ്ദീനാണ് ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മന്ത്രിയും എംഎല്‍എയും ഉള്‍പ്പെടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാവരും എത്തി.
വരുന്ന തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും അവരോട് പ്രീതക്ക് പറയാനുളളത് ഇത്രമാത്രം. വീടും സ്ഥലവും തിരിച്ചുപിടിക്കാന്‍ നടത്തിയ പോരാട്ടത്തിനിടയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് സാമൂഹ്യപ്രവര്‍ത്തനം നടത്തണമെന്ന കോടതിയുത്തരവില്‍ പ്രീതക്ക് ഇപ്പോള്‍ സന്തോഷമേ ഉളളൂ.
സര്‍ഫാസി നിയമത്തിനെതിരെ രണ്ട് വര്‍ഷത്തിലധികമായി നടത്തിയ സഹന സമരം വിജയം കണ്ടതിന്റെ ആഹ്ലാദത്തിലാണ് സമരത്തിന് നേതൃത്വം കൊടുത്ത സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിലെ ഓരോ പ്രവര്‍ത്തകരും. സര്‍ഫാസി നിയമത്തെയും റിയല്‍ എസ്റ്റേറ്റ് ബ്ലേഡ് മാഫിയയെയും പ്രതീകാത്മകമായി ചുട്ടെരിച്ച് ജനകീയ സമരത്തിന് വിജയക്കൊടി പാറിച്ചവരെ ചടങ്ങില്‍ ആദരിച്ചു.
24 വര്‍ഷം മുമ്പ് സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരിലാണ് 2.5 കോടിയിലേറെ വിലയുള്ള കിടപ്പാടം 37.8 ലക്ഷം രൂപക്ക് റിയല്‍ എസ്റ്റേറ്റ് സംഘം തട്ടിയെടുത്തത്. കടബാധ്യത 2.70 കോടിയായതോടെ കോടതി ഇടപെടലില്‍ കഴിഞ്ഞ നവംബര്‍ 27ന് പ്രീത ഷാജിക്കും കുടുംബത്തിനും വീട്ടില്‍നിന്ന് പടിയിറങ്ങേണ്ടി വന്നു. തുടര്‍ന്ന് നടത്തിയ നിയമപോരാട്ടത്തില്‍ കോടതി നിര്‍ദേശിച്ച തുക കെട്ടിവെച്ചതോടെയാണ് വീടും സ്ഥലവും തിരികെ ലഭിച്ചത്.
Discussion about this post