തൃശ്ശൂര്‍: വിവാഹശേഷം ഭാര്യമാര്‍ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്കുന്ന ഭര്ത്താക്കന്മാരാണ് അധികവും. കൂടാതെ പിറന്നാള്‍ വ്യത്യസ്ത രീതികളില്‍ ആഘോഷിക്കുന്നവരുമുണ്ട്. അത്തരത്തില്‍ ഒരു പിറന്നാള്‍ ആഘോഷമാണ് സൈബര്‍ലോകത്ത് വൈറലായിരിക്കുന്നത്. ഭാര്യയെ അത്രമേല്‍ ഇഷ്ടപ്പെടുന്നപോലെ തന്നെ പ്രകൃതിയെയും സ്നേഹിക്കുന്ന ഭര്‍ത്താവാണ് സൈബര്‍ലോകത്തെ താരം.
പൊന്നാനി സ്വദേശിനിയായ ശ്രീക്കുട്ടിയാണ് പ്രകൃതി സ്നേഹിയായ ഭര്‍ത്താവിനെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. ശ്രീക്കുട്ടിയുടെ 21ാം പിറന്നാളിന് ഭര്‍ത്താവ് സോനുരാജ് സമ്മാനിച്ചത് 21 തരം വൃക്ഷത്തൈകളാണ്.
ശ്രീക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്:
”ഇരുപത്തിയൊന്നാമത് പിറന്നാള്‍ ആഘോഷം. കെട്ടിയോന് സമ്മാനമായി തന്നത് ഇരുപത്തിയൊന്നു വൃക്ഷത്തൈകള്‍. കല്ല്യാണം കഴിഞ്ഞുള്ള ആദ്യ പിറന്നാള്‍ ആയതു കൊണ്ട് ആഘോഷിക്കണം എന്ന് തീരുമാനിച്ചു. അത്യാവശ്യം വേണ്ട കുടുംബക്കാര് കൂട്ടുകാര്‍ എന്നിവരെ ക്ഷണിച്ചു. കാലത്ത് അമ്പലത്തില്‍ പോയി വന്നു. പിന്നീട് സദ്യ ഒരുക്കുന്ന തിരക്കില്‍ ആയി. ക്ഷണിച്ചവരും അല്ലാത്തവരും വന്നു. കേക്ക് മുറിച്ചു. ഓരോരുത്തരും പിറന്നാള്‍ സമ്മാനങ്ങള്‍ തരാന്‍ തുടങ്ങി. മിടായി, ഡ്രസ്സ്, പാവ, കേക്ക്, എന്നിങ്ങനെ… എല്ലാവരും തന്നു കെട്ടിയോന് ഒന്നും തരുന്നത് കാണുന്നില്ല.. ഇനി വല്ല സര്‍പ്രൈസ് ആകുമോ അതോ ഒന്നും ഉണ്ടാവില്ലേ. പുതുമോടിയുടെ പുതുക്കം മാറിയില്ല.. അത് കൊണ്ടാവാം ഒരു വല്ലാത്ത ഒരിത്..
സദ്യ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ വീടിന്റെ മുന്നില്‍ ഒരു വണ്ടി വന്ന ശബ്ദം കേട്ടു. അപ്പോള്‍ ചേട്ടന് പറഞ്ഞു നിനക്കുള്ള സമ്മാനം വന്നിട്ടുണ്ട് എന്ന്. ന്റെ മനസ്സില്‍ ലഡു പൊട്ടി സമ്മാനം വണ്ടിയില്‍ ഒക്കെ… ഇമ്മിണി വലുതാണല്ലോ.. എന്താണാവോ…പോയി നോക്കി ഒരു വണ്ടിയില്‍ നിറയെ ചെടികള്‍.. ഞാന്‍ ചേട്ടനോട് തമാശക്ക് പറഞ്ഞു പറക്കും തളികയിലെ ബസ്സ് വന്ന പോലെ കാട് ഇളകി വന്നിട്ടുണ്ട് എന്ന്.. ആദ്യമായ് ആണ് ഇങ്ങനെ ഒരു സമ്മാനം അത് കൊണ്ട് തന്നെ ഒരിക്കലും മറക്കില്ല. എന്റെ ഇരുപത്തിയൊന്നാമത്തെ പിറന്നാള്‍ ആയതു കൊണ്ട് അത്രേം പല പല വിഭാഗം വൃക്ഷ തൈകള്‍..ഞങ്ങള്‍ അതൊക്ക ഇറക്കി വച്ചു.. പിന്നീട് വീടിന്റെ ഓരോ ഭാഗത്തു നട്ടു… ഇനി വെക്കേഷന് ആയതു കൊണ്ട് ഇത് നട്ടു വളര്‍ത്തും.. ഒരു challenge ആയി തന്നെ.”
Discussion about this post