കൊച്ചി: കോടതി വിധി പരസ്യമായി ലംഘിച്ച കേസില്‍ പ്രീത ഷാജിയും ഭര്‍ത്താവും സാമൂഹ്യ സേവനം ചെയ്യണമെന്ന് ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി പ്രീതാഷാജി.
സാമൂഹ്യസേവനം ശിക്ഷയായി കരുതുന്നില്ലെന്നും അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അന്നേ തെരുവിലാകുമായിരുന്നെന്നും പ്രീതാഷാജി പറഞ്ഞു. ഹൈക്കോടതി വിധി ലംഘിച്ചതിന് ശിക്ഷയായി പ്രീത ഷാജിയും ഭര്‍ത്താവും എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിലെ പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ദിവസം ആറുമണിക്കൂര്‍ വീതമാണ് പരിചരിക്കേണ്ടത്. ദിവസവും രാവിലെ 9.45 മുതല്‍ വൈകിട്ട് നാലുവരെയാണ് സേവനം ചെയ്യേണ്ടത്. നൂറു മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ സേവനം അവസാനിപ്പിക്കാമെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ വീണ്ടും കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി അറിയിച്ചു. പരിചരണം നടത്തിയെന്ന് മെഡിക്കല്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ജപ്തിയ്‌ക്കെതിരെ സമരം ചെയ്തതിനാണ് എറണാകുളം ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീതാ ഷാജിക്കെതിരായ കോടതി അലക്ഷ്യ കേസെടുത്തത്. ജപ്തി ചെയ്ത വീട് ഒഴിഞ്ഞു കൊടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പ്രതിഷേധിച്ചതിനാണ് ഡിവിഷന്‍ ബഞ്ച് പ്രീതാ ഷാജിയ്‌ക്കെതിരെയായിരുന്നു നടപടി.
സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സമരം ചെയ്ത നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി ആണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചിരുന്നു. കോടതി നടപടികളെ ധിക്കരിച്ച പ്രീതയുടെ നടപടി സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നതെന്നും കോടതി വിമര്‍ശിച്ചു. കോടതി വിധി നഗ്‌നമായി ലംഘിച്ച പ്രീത തക്കതായ ശിക്ഷ അനുഭവിക്കണം.
കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയെ അറിയിച്ചു. ക്ഷമാപണം സ്വീകരിച്ചു കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്ന് പ്രീത ഷാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പ് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും കോടതി വ്യക്തമാക്കി. ശിക്ഷ എന്ന നിലയില്‍ പ്രീതയെക്കൊണ്ട് സാമൂഹ്യ സേവനം ചെയ്യിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു.