കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്മാരായ ജാഫര്‍ ഇടുക്കിയുടെയും സാബു മോന്റെയും നുണ പരിശോധന പൂര്‍ത്തിയായി. എറണാകുളം സിബിഐ ഓഫീസിലായിരുന്നു നുണ പരിശോധന. ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന വൈകിട്ട് ഏഴ് മണിയോടെയാണ് പൂര്‍ത്തിയായത്.
മണിയുടെ മാനേജര്‍ ജോബി സെബാസ്റ്റ്യന്റെയൂം മണിയോട് അടുപ്പമുണ്ടായിരുന്ന മറ്റുചിലരുടെയും നുണപരിശോധന സിബിഐ. ഓഫീസില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മണിയുടെ സുഹൃത്ത്, ബന്ധു തുടങ്ങിയ ചിലരും നുണ പരിശോധനയ്ക്ക് വിധേയരാവുന്നവരുടെ ലിസ്റ്റിലുണ്ട്.
2016 മാര്‍ച്ച് 6 നാണ് മലയാളികളെ ഞെട്ടിച്ച് മണി വിടപറഞ്ഞത്. ചാലക്കുടിയിലെ പാടി എന്ന ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണനാണ് കൊലപാതകമാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പലരേയും ചോദ്യം ചെയ്തെങ്കിലും തുമ്പുണ്ടായില്ല. 2017 മെയില്‍ സിബിഐ കേസ് ഏറ്റെടുത്തു.
തുടര്‍ന്ന് മരണത്തിന് മുന്‍പ് മണിക്കൊപ്പം പാടിയില്‍ ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയും സാബുമോനും അടക്കമുള്ള ഏഴു സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിക്കുകയായിരുന്നു.
Discussion about this post