ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനാകാതെ ബിജെപി പ്രതിസന്ധിയില്‍. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ചര്‍ച്ചകള്‍ മുടങ്ങിയതോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റി.
ഇഷ്ടപ്പെട്ട മണ്ഡലത്തിന് വേണ്ടി തര്‍ക്കിക്കുന്ന നേതാക്കള്‍, ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പളളിയുടെ കാര്യത്തില്‍ തീരുമാനമായതോടെ മറ്റു മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ഥികളുടെ പട്ടികയും തയ്യാറായി.
കഴിഞ്ഞ ദിവസം രാത്രി തുഷാര്‍ വെള്ളാപ്പള്ളിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി പട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറിയിരുന്നു. പാര്‍ലമെന്ററി ബോര്‍ഡ് ചര്‍ച്ച ചെയ്ത് ഇന്ന് പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍ മനോഹര്‍ പരീക്കറുടെ നിര്യാണത്തോടെ ബിജെപി ആസ്ഥാനത്ത് യോഗങ്ങള്‍ നിര്‍ത്തിവെച്ചതോടെ ഇത് മുടങ്ങി. തര്‍ക്കമുള്ള സീറ്റുകളില്‍ അന്തിമ തീരുമാനം ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാക്ക് വിട്ടു.
കെ സുരേന്ദ്രനും കണ്ണന്താനത്തിനും പത്തനംതിട്ട നല്‍കില്ലെന്നാണ് ഒടുവിലത്തെ സൂചന. സുരേന്ദ്രന്‍ ആറ്റിങ്ങലിലും കണ്ണന്താനം കൊല്ലത്തും മല്‍സരിച്ചേക്കും. തുഷാര്‍ വെള്ളാപ്പള്ളിക്കു തൃശൂരും ടോം വടക്കന് എറണാകുളത്തുമാണ് സാധ്യത. പികെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ മല്‍സരിച്ചേക്കില്ല.
പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍ പിള്ള ഏറെക്കുറെ ഉറപ്പിക്കുകയും തൃശൂരിനായി ബിഡിജെഎസ് ശക്തമായി പിടിമുറുക്കുകയും ചെയ്തതോടെയാണു സുരേന്ദ്രന്‍ എവിടെ മല്‍സരിക്കണമെന്ന പ്രതിസന്ധി ഉടലെടുത്തത്. സുരേന്ദ്രനും എംടി രമേശും അല്‍ഫോന്‍സ് കണ്ണന്താനവും പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ താത്പര്യപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ മല്‍സരിക്കാനില്ലെന്നാണ് എംടി രമേശിന്റെ നിലപാട്.
പത്തനംതിട്ടയോ തൃശൂരോ ഇല്ലെങ്കില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്നു സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍എസ്എസിന്റെയും നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കെഎസ് രാധാകൃഷ്ണന്‍ ആലപ്പുഴയില്‍ മല്‍സരിച്ചേക്കും. കോഴിക്കോട് മണ്ഡലം ബിഡിജെഎസിനു വിട്ടുനല്‍കി പകരം എറണാകുളത്തു സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കും.
ഇതിനിടെ, ടോം വടക്കന്‍ മല്‍സരിക്കാനുള്ള സാധ്യതയും ഉണ്ട്. എറണാകുളത്തു ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ക്കിടെ സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലും ഡല്‍ഹിയിലും നല്ല കാലാവസ്ഥയാണെന്നും ടോം വടക്കന്‍ മാധ്യമങ്ങളോടു പറഞ്ഞു.
Discussion about this post