ഈ കൈകളില്‍ ഓരോ ജീവനും ഭദ്രം! ഹൈറേഞ്ചില്‍ ഒരുപതിറ്റാണ്ടായി സൈറണ്‍ മുഴക്കിയെത്തുന്ന ഭൂമിയിലെ മാലാഖ

കട്ടപ്പന: ഒരു പതിറ്റാണ്ടുകാലമായി ജീവന്‍രക്ഷാ വളയവുമായി ഈ മാലാഖയുണ്ട് ഹൈറേഞ്ചില്‍, പാതിജീവനുമായി പിടയുന്നവരെയും കൊണ്ട് സൈറണ്‍ മുഴക്കി ആശുപത്രികളിലേക്ക് കുതിക്കുകയാണ് ഈ കാവല്‍മാലാഖ.

പുരുഷന്മാരുടെ കുത്തകയായ ആംബുലന്‍സിന്റെ ഡ്രൈവറാണ് ഈ കര്‍ത്താവിന്റെ മണവാട്ടി. കട്ടപ്പന അസീസി സ്‌നേഹാശ്രമത്തിലെ സിസ്റ്റര്‍ ആന്‍ മരിയയുടെ ജപമാല പിടിക്കുന്ന കൈകളില്‍ ആംബുലന്‍സിന്റെ വളയവും ഭദ്രമാണ്. ആന്ധ്ര, ഊട്ടി, ഉജൈന്‍ എന്നിവിടങ്ങളില്‍ നഴ്‌സായിരുന്ന ആന്‍മരിയ സിസ്റ്റര്‍ 16 വര്‍ഷമായി ആകാശപ്പറവയിലെ അന്തേവാസികളെ ശുശ്രൂഷിക്കുന്നു.

ഒരു പതിറ്റാണ്ടിലേറെയായി ഹൈറേഞ്ചിന്റെ പതിവു കാഴ്ചയാണ് ആന്‍മരിയയും അവരുടെ ആംബുലന്‍സും. രോഗിക്കും ബന്ധുക്കള്‍ക്കും മനസാന്നിധ്യം കൈവിടാതെ ആംബുലന്‍സ് ഓടിക്കുന്ന ഡ്രൈവര്‍ രക്ഷകയാണ്. 13 വര്‍ഷം മുമ്പാണ് സിസ്റ്റര്‍ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കുന്നത്. എന്നാല്‍, ഡ്രൈവിങ് പഠിച്ച് ലൈസന്‍സ് സ്വന്തമാക്കി എന്നല്ലാതെ താന്‍ ഒരു ആംബുലന്‍സ് സാരഥിയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ആശ്രമത്തിലെ അടിയന്തിര ഘട്ടങ്ങളില്‍ തന്റെ സേവനം ആവശ്യമായി വന്നപ്പോളാണ് സിസ്റ്റര്‍ ആംബുലന്‍സിന്റെ ഡ്രൈവിങ് സീറ്റിലേക്ക് എത്തിയത്. ആശ്രമത്തിലെ ഫാ. ഫ്രാന്‍സീസ് ഡൊമിനിക്കും, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അനീറ്റയും പ്രോത്സാഹനവുമായി ഒപ്പമുണ്ടായിരുന്നു.

67 വയസുള്ള സിസ്റ്റര്‍ കട്ടപ്പനയില്‍നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടരമണിക്കൂര്‍ കൊണ്ടെത്തും. ദൈവാനുഗ്രഹത്താല്‍ ഇന്നുവരെ ഒരു അപകടംപോലും ഉണ്ടായിട്ടില്ലെന്ന് സിസ്റ്റര്‍ പറയുന്നു. ഓരോ യാത്രയും ഒരുജീവന്‍ രക്ഷിക്കാനുള്ളതാണെന്ന ഉത്തമബോധ്യത്തോടെ ഓരോ ജീവനും പുതുജീവിതം പകരുന്ന ദൈവത്തിന്റെ കൈകളാവുകയാണ് സിസ്റ്റര്‍ ആന്‍ മരിയ.

Exit mobile version