തിരുവനന്തപുരം: അത്യുഷ്ണത്തില്‍ കേരളം ചുട്ടുപൊള്ളുകയാണ്. അതേസമയം,
ഉഷ്ണദുരന്തം, സൂര്യാഘാതം, പൊള്ളല്‍ എന്നിവയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
ഇരയാവുന്നവര്‍ക്ക് സഹായധനം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചു. ഉഷ്ണതരംഗം, സൂര്യാഘാതം, പൊള്ളല്‍ എന്നിവ മൂലം മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ലഭിക്കും. നാല്‍പത് മുതല്‍ അറുപത് ശതമാനം വരെ കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് 59,100 രൂപയും 60 ശതമാനത്തിലധികം നഷ്ടമായവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും.
ആശുപത്രിവാസം ആവശ്യമായ ഗുരുതര പരിക്കുകള്‍ക്ക്, ഒരാഴ്ചയിലധികം കഴിയേണ്ടിവന്നാല്‍ 12,700 രൂപയും ഒരാഴ്ചയില്‍ താഴെയാണെങ്കില്‍ 4,300 രൂപയും നല്‍കും. നഷ്ടമാവുന്ന കറവ മൃഗങ്ങള്‍ക്ക് (എരുമ, പശു, ഒട്ടകം, യാക്, മിഥുന്‍) 30,000 രൂപയും ആട്, പന്നി തുടങ്ങിയവയ്ക്ക് 3000 രൂപയും ഭാരം വലിക്കുന്ന മൃഗങ്ങള്‍ക്ക് 25,000 രൂപയും കോഴിയൊന്നിന് 50 രൂപയും കഴുത, കോവര്‍കഴുത തുടങ്ങിയവയ്ക്ക് 16,000 രൂപയും ലഭിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.