തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കീഴാറ്റൂര്‍ ബൈപ്പാസ് സമരത്തിലൂടെ ശ്രദ്ധ നേടിയ വയല്‍ക്കിളികളും. കണ്ണൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു. പരിസ്ഥിതി സമരത്തിന് ഒരു വോട്ട് എന്നാണ് മുദ്രാവാക്യം.
തളിപ്പറമ്പ് വഴി കടന്നു പോകുന്ന ദേശീയപാതയുമായി ബന്ധപ്പെട്ട കീഴാറ്റൂര്‍ ബൈപ്പാസ് പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോയതോടെ കീഴാറ്റൂര്‍ കേന്ദ്രീകരിച്ച് സമരം ആരംഭിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകനായിരുന്ന സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രദേശവാസികള്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ സമര രംഗത്തിറങ്ങുകയായിരുന്നു. സര്‍വേ നടപടികളും സ്ഥലമേറ്റെടുക്കാനുള്ള മറ്റു നീക്കങ്ങളും വയല്‍ക്കിളികള്‍ ശക്തമായി പ്രതിരോധിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.
ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കീഴാറ്റൂര്‍ നിവേദനം മന്ത്രിക്ക് നല്‍കിയെങ്കിലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കീഴാറ്റൂരിലൂടെയള്ള ബൈപ്പാസ് പദ്ധതിക്കുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്നു. സമരത്തെ ആദ്യഘട്ടത്തില്‍ ശക്തമായി പിന്തുണച്ച യുഡിഎഫും ബിജെപിയും പിന്നീട് പിന്‍വലിഞ്ഞിരുന്നു.
Discussion about this post