ആലുവ: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരകടലാസുകള്‍ റോഡരികില്‍. ആലുവയ്ക്ക് സമീപം ദേശീയപാതയിലെ തോട്ടക്കാട്ടുകര സിഗ്നലില്‍ നിന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കാണ് ഉത്തരക്കടലാസുകള്‍ ലഭിച്ചത്. മൂന്നാം സെമസ്റ്റര്‍ ബിഎസ്‌സി. ബയോടെക്നോളജി പരീക്ഷയുടെ 39 ഉത്തരക്കടലാസുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ വഴിയില്‍ പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയത്. തുറന്നുനോക്കിയപ്പോള്‍ ഉത്തരക്കടലാസാണെന്ന് വ്യക്തമായതോടെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെറോം മൈക്കിളിനെ വിവരമറിയിക്കുകയും കവര്‍ അദ്ദേഹത്തെ ഏല്‍പിക്കുകയുമായിരുന്നു.
ഉത്തരക്കടലാസുകള്‍ പോലീസിന് കൈമാറിയെന്ന് ജെറോം മൈക്കിള്‍ അറിയിച്ചു. അധ്യാപകര്‍ പുനര്‍മൂല്യനിര്‍ണയത്തിന് കൊണ്ടുപോകുമ്പോഴോ മറ്റോ നഷ്ടമായതാകാമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 12ന് നടന്ന ബിഎസ്സി ബയോടെക്നോളജി മൂന്നാം സെമസ്റ്റര്‍ ജെനറ്റിക്സ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കിട്ടിയിരിക്കുന്നത്. മൂല്യനിര്‍ണയം കഴിഞ്ഞ പേപ്പറുകളാണിവ. ഉത്തരക്കടലാസുകളില്‍ മാര്‍ക്കും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരീക്ഷയുടെ ഫലം വന്നിട്ടില്ലെന്നാണ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ലഭിക്കുന്ന വിവരം.