പാത്തു ആദ്യമായി സ്വന്തം കാലില്‍ നിന്നു! വീല്‍ചെയറിലാക്കിയ വിധിയെ ആത്മവിശ്വാസത്താല്‍ തിരുത്തിക്കുറിച്ച് ഫാത്തിമ അസ്‌ല, നിറഞ്ഞ കൈയ്യടികളോടെ സൈബര്‍ലോകം

തൃശ്ശൂര്‍: ഇന്ന് സൈബര്‍ലോകത്ത് ഏറെ സന്തോഷം പകര്‍ന്ന ഒരു ചിത്രമാണ് നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടേത്. ജീവിതകാലം വീല്‍ചെയറില്‍ തള്ളിനീക്കേണ്ടിവരുമായിരുന്ന അവള്‍ ആത്മവിശ്വാസത്തില്‍ മുന്നേറിയപ്പോള്‍ ആദ്യമായി എഴുന്നേറ്റ് നിന്നതിന്റെ സന്തോഷമാണ് ആ മുഖത്ത് വിരിയുന്നത്.

കോട്ടയം ഹോമിയോ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ അസ്‌ലയാണ് ആത്മവിശ്വാസത്തിന്റെ ഉറവിടം. കടുത്ത വേദന അനുഭവിച്ച് വീല്‍ ചെയറിലിരുന്ന് തീര്‍ക്കേണ്ട ജീവിതത്തെ ആത്മവിശ്വാസവും കഠിനപ്രയത്‌നവും കൊണ്ട് നേരിട്ട് അവസാനം വിജയമാക്കി മാറ്റിയ ഫാത്തിമയുടെ കഥയാണ് നവമാധ്യമങ്ങളില്‍ കൈയ്യടി നേടുന്നത്.

എല്ലുകള്‍ പൊടിയുന്ന അപൂര്‍വ രോഗവും നട്ടെല്ലിലെ വളവുമാണ് ഫാത്തിമയെ എന്നന്നേക്കുമായി വീല്‍ചെയറിലിരുത്തിയത്. ഫാത്തിമയ്ക്ക് എഴുന്നേറ്റ് നടക്കുവാനോ നില്‍ക്കുവാനോ സാധിക്കുമായിരുന്നില്ല. ഒരു ചെറിയ വീഴ്ചയില്‍ പോലും എല്ല് പൊടിയുന്ന ഫാത്തിമയുടെ ഇടതുകാലില്‍ മാത്രമായി അറുപത് തവണയിലധികം പൊട്ടലുണ്ടായിട്ടുണ്ട്. എന്നാല്‍ കടുത്ത വേദനയ്ക്കും ദീര്‍ഘനാളത്തെ ചികിത്സയ്ക്കും ഫാത്തിമയുടെ മനോവീര്യത്തെ തളര്‍ത്തുവാന്‍ സാധിച്ചില്ല.

പഠനത്തില്‍ മിടുക്കിയായ ഫാത്തിമ കോട്ടയം ഹോമിയോ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയാണ്. അടുത്തിടെ കോയമ്പത്തൂരില്‍ വച്ചു നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം ഫാത്തിമയ്ക്ക് എഴുന്നേറ്റ് നില്‍ക്കുവാനും നടക്കുവാനും സാധിക്കും. ചികിത്സയ്ക്കും മറ്റുമായി ധാരാളം പണം ചിലവഴിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മക്കളെ അവരുടെ താത്പര്യം പോലെ പഠിപ്പിച്ച് ഉയരങ്ങളിലെത്തിക്കുക എന്നതാണ് ഫാത്തിമയുടെ മാതാപിതാക്കളുടെ ഉറച്ച തീരുമാനം. ഫാത്തിമയുടെ സഹോദരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബി.ഫാം വിദ്യാര്‍ഥിയാണ്.

ഏതു വേദനയിലും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന പ്രത്യാശ കൈവിടാത്ത പെണ്‍കുട്ടിയെന്ന് ഫാത്തിമയെ വിശേഷിപ്പിച്ച് സോഷ്യല്‍മീഡിയയില്‍ ഫാത്തിമയെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചത് എഴുത്തുകാരനായ നജീബ് മൂടാടിയാണ്.

തളരാത്ത മനസ്സിന്റെ കരുത്തോടെ ഇനിയും മുന്നേറുവാന്‍ പാത്തുവിന് സാധിക്കട്ടെ. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പരാതികളും പരിഭവങ്ങളുമായി ജീവിതത്തിന്റെ മനോഹാരിത നഷ്ടപ്പെടുത്തിക്കളയുന്നവര്‍ തിരിച്ചറിയണം ഈ ചിരിയുടെ തിളക്കമെന്നും നജീബ് ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version