തൃശ്ശൂര്‍: കവിത മോഷണ വിവാദത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട എഴുത്തുകാരിയും കേരളവര്‍മ്മ കോളേജിലെ അധ്യാപികയുമാണ് ദീപാ നിശാന്ത്. ഇപ്പോള്‍ റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ദീപാ നിശാന്ത്.
റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിനെയും മോഡിയേയും പരിഹസിച്ച് ദീപ ടീച്ചറെത്തിയിരിക്കുന്നത്.
കവിത മാത്രമല്ല കറാറും ഇഷ്ടപ്പെട്ടാല്‍ എടുക്കാം!. റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാല്‍ മലയാളഭാഷ വളര്‍ന്ന് പന്തലിക്കട്ടെ! ദീപ ഫേസ്ബുക്കില്‍ കുറിച്ചു.
പരാതിക്കാര്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രധാന രേഖകള്‍ പരാതിക്കൊപ്പം സമര്‍പ്പിക്കുന്നതുവഴി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചിരിക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
യുവ കവി കലേഷിന്റെ കവിത മോഷ്ടിച്ചെന്ന വിവാദം കത്തിനിന്നപ്പോള്‍ ‘ദീപയടി’ എന്ന പേരില്‍ പല ട്രോളുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.