കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയുടെ ഭാര്യയായ സിമിയെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. ഷമ്മിയുടെ വിനീത വിധേയ ഭാര്യയായും സിമി മോളായും തകര്‍ത്താടുകയും ഒറ്റ ഡയലോഗില്‍ ‘മോള്‍ ആക്കലുകളെ’ തകര്‍ക്കുകയും ചെയ്യുന്ന സിമിയെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
പെണ്ണുങ്ങള്‍ നിലപാട് ഇല്ലാത്തവരല്ല, പറയാത്തതാണെന്ന് കഥാപാത്രത്തിന്റെ രാഷ്ട്രീയ വായനകള്‍ക്കിടയില്‍ സിമി ഓര്‍മ്മിപ്പിക്കുന്നു. നമുക്ക് ചുറ്റും ഇതുപോലെയുള്ള അനേകം സിമിമാരുണ്ട്. ശ്രീജിത എന്ന യുവതി സ്വന്തം കുഞ്ഞേച്ചിയെ സിമിയുമായി താരതമ്യം ചെയ്ത് എഴുതിയിരിക്കുന്ന കുറിപ്പ് സൈബര്‍ലോകത്ത് ശ്രദ്ധേയമാകുകയാണ്.
കുമ്പളങ്ങിയിലെ സിമിമാര്‍ വെള്ളം തന്നെയാണ്. കപ്പിന്റെയോ ഗ്ലാസ്സിന്റെയോ ഷേപ്പില്‍ മോള്‍ഡ് ചെയ്യപ്പെട്ടാലും വേണ്ടിവന്നാല്‍, പുഴയാവാനും വെള്ളച്ചാട്ടമാവാനും കടലാവാനും കൂടി കഴിയുന്ന വെള്ളം.
”വെള്ളം പോലത്തെ കുഞ്ഞേച്ചിമാര്‍ അഥവാ കുമ്പളങ്ങിയിലെ സിമിച്ചേച്ചിമാര്‍.
കുഞ്ഞേച്ചിയെപ്പറ്റി ആരു ചോദിച്ചാലും ഞാന്‍ പറയാറുണ്ടായിരുന്നത് ”വെള്ളം പോലെയാണെ”ന്നാണ്.കപ്പിലൊഴിച്ചാല്‍ അതിന്‍റെ ഷേപ്പ്.ഗ്ലാസ്സിലൊഴിച്ചാല്‍ ആ ഷേപ്പ്.കുടിച്ചാല്‍ നല്ലതാണ്.വേറെ ദോഷമൊന്നും വരാനുമില്ല.
കുഞ്ഞേച്ചി അങ്ങനെയായിരുന്നു.കല്യാണസാരി പച്ച വേണോ ചുവപ്പ് വേണോ എന്നു തുടങ്ങി കല്യാണച്ചെക്കനെപ്പറ്റി പോലും സ്വന്തമായി അഭിപ്രായം പറയാത്തവള്‍.ചോദ്യങ്ങള്‍ക്കൊക്കെ എന്നും ഒരേ മറുപടി.
”എല്ലാം നിങ്ങടെയൊക്കെ ഇഷ്ടം.”
വിവാഹത്തിനു ശേഷം പാത്രം മാറിയപ്പോ ആ ഷേപ്പായി വെള്ളത്തിന്.രാഷ്ട്രീയം മുതല്‍ സകല ഇഷ്ടാനിഷ്ടങ്ങളും അതനുസരിച്ച് മോള്‍ഡ് ചെയ്യപ്പെട്ടു.സ്വന്തം ഇഷ്ടങ്ങള്‍ വളരെ നിര്‍ബ്ബന്ധിച്ച് ചോദിച്ചാല്‍ മാത്രം ചിലപ്പോഴൊക്കെ പുറത്തേക്ക് വന്നു.പാതിരാത്രികളില്‍ ഒരുമിച്ചിരുന്നു വര്‍ത്തമാനം പറയുമ്പോള്‍,സിമിച്ചേച്ചിയും ബേബിമോളും അടുക്കളയില്‍ നിന്ന് നടത്തുന്ന കൊച്ചുവര്‍ത്തമാനങ്ങളില്‍ ഒക്കെ മാത്രം.
ഒരിക്കല്‍ കോളേജിലെ പരിപാടി കഴിഞ്ഞ് രാത്രി സുഹൃത്തിന്‍റെ ബൈക്കില്‍ കുഞ്ഞേച്ചിയുടെ വീട്ടിലെത്തിയപ്പോള്‍ ഇയാളെന്‍റെ ബോയ്ഫ്രണ്ട് കൂടിയാണെന്ന് പകുതി തമാശയായി കാര്യം അവതരിപ്പിച്ചപ്പോ നടപടിയാവണ കേസല്ല ബേബിമോളേ എന്നു തന്നെയാണവളും പറഞ്ഞത്.”ദേ പെണ്ണേ ,നീ വല്ലതും ഒപ്പിച്ചോണ്ടു വന്നാല്‍ ഞാനെങ്ങും സപ്പോര്‍ട്ട് ചെയ്യത്തില്ല.ഓര്‍ത്തിട്ട് തന്നെ കിലുകിലാ വിറയ്ക്കുന്നു.”
ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട കൂട്ടലും കിഴിക്കലും ചര്‍ച്ചയ്ക്കുമൊക്കെ ശേഷം ജീവിതം എന്തു വേണമെന്നുറപ്പിച്ചൊരു തീരുമാനമെടുത്ത സമയം.ഒരു ഭാഗത്ത് പടിയടച്ചു പിണ്ഡം വെക്കും ,കല്യാണം കഴിപ്പിക്കാന്‍ ഒരു തരത്തിലും സമ്മതിക്കില്ല മുതലായ അവസാനവട്ട വാഗ്വാദങ്ങള്‍ , വിലപേശലുകള്‍.മറുഭാഗത്ത് കാര്യങ്ങളൊരു വിധം അയച്ച് ‘ഇവളെ എങ്ങനേലും ഒന്നു രക്ഷപ്പെടുത്താന്‍’ നോക്കുന്നവര്‍.
നിര്‍ണ്ണായകമായ ആ നിമിഷത്തിലാണെന്‍റെ സിമിച്ചേച്ചി ബാറ്റടിച്ചു പൊട്ടിച്ചത്.നിന്നെയിനി ഒരിക്കലും കാണില്ല മിണ്ടില്ല എന്നൊക്കെ പറയാനാവും എല്ലാവരേയും പോലെ കുഞ്ഞേച്ചിയും വിളിച്ചതെന്നാണ് ഞാന്‍ കരുതിയത്.മറുഭാഗത്ത് നിന്നും പക്ഷേ ഉറച്ച ശബ്ദമാണ്.
”മറ്റുള്ളവരുടെ (ഭര്‍ത്താവിന്‍റെയടക്കം !) അഭിപ്രായമെന്താണെന്നെനിക്കറിയില്ല.ഈ നിമിഷം വരെ ഞാന്‍ ആരോടും ഇതേപ്പറ്റി ചോദിച്ചിട്ടുമില്ല.പക്ഷേ ഒന്നു പറയാം.നീയെന്‍റെ അനിയത്തിയാണ്.അതിനി എന്തു സംഭവിച്ചാലും മരിക്കും വരെ അങ്ങനെതന്നെയായിരിക്കുകയും ചെയ്യും.”
എല്ലാവരും കേള്‍ക്കെയാണ് പറഞ്ഞത്.
സിനിമയിലാണെങ്കില്‍ ഒരാനന്ദ കണ്ണീരിനു വകയുള്ള സീനാണ്.പക്ഷേ ഞാന്‍ തലയ്ക്കടി കിട്ടിയ പോലെയോ സ്വപ്നം കാണുന്ന പോലെയോ വായും പൊളിച്ച് നിന്നതേയുള്ളൂ.അതിനു മുന്‍പോ ശേഷമോ അത്തരമൊരു അഭിപ്രായപ്രകടനം കുഞ്ഞേച്ചിയില്‍ നിന്നു ഞാന്‍ കേട്ടിട്ടില്ല.അന്നത് പറയുക മാത്രമല്ല ,കല്യാണത്തിനിറങ്ങുമ്പോ കൂടെ നിന്ന് ഈ ഭൂമിയില്‍ ഞാനൊറ്റക്കല്ല എന്നു തോന്നിപ്പിച്ചയാളു കൂടിയാണ്.
അതുകൊണ്ടാവാം സ്ക്രീനില്‍ സിമിച്ചേച്ചിയുടെ ഭാവമാറ്റം എന്നെ തെല്ലും അത്ഭുതപ്പെടുത്തിയില്ല.ചേച്ചിമാര്‍ക്കും അനിയത്തിമാര്‍ക്കുമിടയില്‍ നിലവിലുള്ള ഈ മാജിക് ഞാന്‍ മുന്‍പും കണ്ടിട്ടുണ്ടല്ലോ.ജീവിതം മുഴുവന്‍ കോംപ്രമൈസുകള്‍ മാത്രം ചെയ്ത് കണ്ടിട്ടുള്ളവളാണ് അന്നത്തെ സങ്കീര്‍ണ്ണമായ അവസ്ഥയില്‍ പോലും അഴകൊഴമ്പനല്ലാത്ത ഉറച്ച തീരുമാനം പറഞ്ഞത്.ഒരിക്കല്‍ ഇതേപ്പറ്റി ചോദിച്ചപ്പോള്‍ കുഞ്ഞേച്ചി പറഞ്ഞത് , ”ഞാനൊരു നിഴലൊന്നുമല്ലെടീ”എന്നാണ്.
ഇതുപോലെ ഒരുപാട് സിമിമാരെയെനിക്കറിയാം.
നിഴലുകളല്ലാത്തവര്‍ ,സമാധാനപ്രിയര്‍.
അവര്‍ പുരോഗമനപരമായ നിലപാടുകള്‍ പറയണമെന്നില്ല ,സോഷ്യല്‍ മീഡിയ പോലെ പൊതു ഇടപെടലുകളുണ്ടാവണമെന്നില്ല , പൊളിറ്റിക്കല്‍ കറക്ട്നെസ്സ് എന്താണെന്നറിയണമെന്നില്ല ,
ടിവിയില്‍ വാര്‍ത്ത കേള്‍ക്കുന്നവര്‍ പോലുമാകണമെന്നില്ല.
കരുണയാണവരുടെ ബലം.അതാണ് അവരെ പൊളിറ്റിക്കലി കറക്റ്റാക്കുന്നതും.കാലങ്ങള്‍ കൊണ്ട് സ്നേഹമെന്നോ കരുണയെന്നോ കരുതലെന്നോ വിളിക്കാവുന്ന ഉരകല്ലില്‍ മൂര്‍ച്ച കൂട്ടി അവര്‍ സ്വയം വെളിവാക്കപ്പെടും.അന്ന് ചിലപ്പോ അവര്‍ മറ്റാരെക്കാളും തെളിച്ചമുള്ളവരുമായിരിക്കും.
കുഞ്ഞേച്ചിമാര്‍ /കുമ്പളങ്ങിയിലെ സിമിമാര്‍ വെള്ളം തന്നെയാണ്.കപ്പിന്റെയോ ഗ്ലാസ്സിന്റെയോ ഷേപ്പില്‍ മോള്‍ഡ് ചെയ്യപ്പെട്ടാലും വേണ്ടിവന്നാല്‍ ,പുഴയാവാനും വെള്ളച്ചാട്ടമാവാനും കടലാവാനും കൂടി കഴിയുന്ന വെള്ളം…!!”
Discussion about this post