അജയ് ഇനിയും ജീവിയ്ക്കും, നാലുപേരിലൂടെ

കോട്ടയം: റോഡപകടം കവര്‍ന്ന അജയ് ജോണി ഇനിയും ജീവിയ്ക്കും അനശ്വരനായി, നാല് പേര്‍ക്ക് രണ്ടാം ജന്മം പകര്‍ന്ന്. ചേരാനെല്ലൂര്‍ സ്വദേശി 19 കാരനായ അജയ് ജോണിയുടെ അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് ദാനം ചെയ്തത്.

ശനിയാഴ്ച വരാപ്പുഴ പാലത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ അജയ് ജോണിയെ ചേരാനെല്ലൂരിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്.

ആസ്റ്റര്‍ മെഡിസിറ്റി മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനും കണ്‍സള്‍ട്ടന്റുമായ ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തില്‍ നടന്ന അവയവമാറ്റ ശസ്ത്രക്രിയയില്‍ ഹെപറ്റോ പാന്‍ക്രിയാറ്റോ ബൈലിയറി ആന്‍ഡ് ഗാസ്ട്രോഇന്റസ്റ്റൈനല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. നൗഷിഫ് എം, അനസ്തേഷ്യോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. നിഷ എ, സ്പെഷ്യലിസ്റ്റ് ഡോ. നിധിന്‍ എന്നിവര്‍ പങ്കെടുത്തു.

കൂലിപ്പണിക്കാരനായ ചേരാനെല്ലൂര്‍ നടുവിലപ്പറമ്പില്‍ ജോണിയുടെയും ഷെര്‍ളിയുടെയും ഏക മകനാണ് അജയ്. വെല്‍ഡിങ് ജോലി ചെയ്തിരുന്ന അജയ് ആയിരുന്നു ഇരുവരുടെയും ആശ്രയം. നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കുന്നതിലൂടെ മകന്റെ ഓര്‍മ നിലനിര്‍ത്താനാകുമെന്നതിനാലാണ് അജയ്യുടെ മാതാപിതാക്കള്‍ അവയവദാനത്തിന് തയ്യാറായതെന്ന് ബന്ധുവായ റിച്ചു ജോര്‍ജ് പറഞ്ഞു.

അജയ്യുടെ കരള്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെ തന്നെ ഒരു രോഗിക്കാണ് നല്‍കിയത്. പാന്‍ക്രിയാസും ഒരു വൃക്കയും അമൃത ആശുപത്രിയിലും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നവര്‍ക്കാണ് നല്‍കിയത്. കേരള സര്‍ക്കാരിന്റെ അവയവദാന ശൃംഖലയായ മൃതസഞ്ജീവനിയിലൂടെയാണ് സ്വീകര്‍ത്താക്കളെ തെരഞ്ഞെടുത്തത്.

Exit mobile version