‘അവര്‍ ഇരുവരും വിദ്യാര്‍ത്ഥികളാണ്, വീട്ടുകാരുടെ സമ്മതത്തോടെ പ്രായമാകുമ്പോള്‍ ഈ കമിതാക്കള്‍ ഒന്നിച്ചുകൊള്ളട്ടേ’; മിശ്രവിവാഹം മുടക്കിയതിനെ കുറിച്ച് ശ്രീജ നായര്‍ പറയുന്നു

തിരുവനന്തപുരം: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ച കമിതാക്കളുടെ വിവരം പങ്കുവച്ചതിന് രൂക്ഷവിമര്‍ശനമാണ് അവതാരക ശ്രീജ നായര്‍ക്കെതിരെ സൈബര്‍ലോകത്ത് ഉയരുന്നത്. ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ച നോട്ടീസാണ് ഇവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. വ്യാപക വിമര്‍ശനമാണ് ഈ പോസ്റ്റിനെതിരെ ഉയരുന്നത്.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ശ്രീജ. ആ കുട്ടികളുടെ ചിത്രവും വിവരങ്ങളും പങ്കുവെച്ചത് അവരുടെ വയസ്സും വിദ്യാര്‍ഥികള്‍ എന്ന വിവരവും കണ്ടിട്ടാണ്. പത്തൊന്‍പതും ഇരുപത്തിയൊന്നും വയസുള്ള കുട്ടികള്‍ക്ക് എന്ത് ലോകപരിചയവും വിവരവുമാണ് ഉണ്ടാകുക. പക്വതയില്ലാത്ത പ്രായത്തില്‍ ഒരു കുടുംബജീവിതത്തിലേക്ക് കടക്കുന്നത് പ്രായോഗികമായി അവര്‍ക്ക് തന്നെയാണ് ബുദ്ധിമുട്ട്. ഞാന്‍ അതുമാത്രമാണ് ആലോചിച്ചത്.

അതല്ലാതെ ഹിന്ദുവാണോ, ക്രിസ്ത്യാനിയാണോ, മുസ്ലീമാണോ എന്നൊന്നും ചിന്തിച്ചില്ല. പക്ഷെ ഇപ്പോഴത് വര്‍ഗീയവിഷയമായി മാറിയിട്ടുണ്ട്. പേരിന്റെ പുറകില്‍ നായരോ അല്ലെങ്കില്‍ ഹിന്ദു എന്ന് കണ്ടാലോ ഫേസ്ബുക്കിലുള്ളവര്‍ക്ക് പിടിക്കാത്ത കാലമാണ്. അതുപറഞ്ഞാണ് ബഹളം. ഞാനൊരു ഹിന്ദു ഹെല്‍പ്പ്ലൈനിനെ അറിയിക്കണമെന്ന് പറഞ്ഞതാണ് മറ്റൊരു വിഷയം. ഈ വിവരം മറ്റൊരാളുടെ സ്റ്റാറ്റസില്‍ നിന്നാണ് കിട്ടിയത്. ഞാന്‍ പോസ്റ്റ് ഇടുന്നതിന് മുമ്പ് തന്നെ ഫേസ്ബുക്കില്‍ അതുണ്ടായിരുന്നു.

ആര് വേണമെങ്കിലും വിവാഹം കഴിച്ചോട്ടെ. എനിക്കതില്‍ വിഷയമൊന്നുമില്ല. പക്ഷെ വിവാഹിതരാകാന്‍ കുറച്ച് പക്വതയൊക്കെ വേണം. വീട്ടുകാരുടെ സമ്മതത്തോടെ ആ പ്രായമാകുമ്പോള്‍ ഈ കമിതാക്കള്‍ ഒന്നിച്ചുകൊള്ളട്ടേ. അല്ലാതെ പഠിത്തം പോലും പൂര്‍ത്തിയാകാത്ത കുട്ടികള്‍ വിവാഹം കഴിക്കുന്നതിനോട് യോജിപ്പില്ല. ഒരു വരുമാനവുമില്ലാത്ത രണ്ടുപേര്‍ എങ്ങനെ ജീവിക്കും. ഇത്തരം എടുത്തുചാട്ടങ്ങള്‍ പല അത്യാഹിതങ്ങളിലേയ്ക്കും നയിച്ചിട്ടുള്ള സംഭവങ്ങള്‍ ഇതിനുമുമ്പും നടന്നിട്ടുണ്ട്. ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് ഞാന്‍ പോസ്റ്റ് ചെയ്തത്. അല്ലാതെ വര്‍ഗീതയത പ്രചരിപ്പിക്കാനല്ല ശ്രീജാനായര്‍ പറഞ്ഞു.

Exit mobile version