തിരുവനന്തപുരം: പാകിസ്താന് കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ വൈമാനികന് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ അവര്‍ തിരികെ എത്തിക്കുമെന്ന് വ്യോമസേനാ ട്രയിനിംഗ് കമാന്‍ഡ് മുന്‍ മേധാവി എയര്‍ മാര്‍ഷല്‍ എസ്ആര്‍കെ നായര്‍.
ഈ പ്രാവശ്യം പാകിസ്താന് മോശമായി പെരുമാറുമെന്ന് താന്‍ കരുതുന്നില്ലെന്നും ഇന്ത്യന്‍ വ്യോമസേന ബാലകോട്ട് ഭീകരകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പാകിസ്താനെ ഞെട്ടിച്ചിട്ടുണ്ടെന്നും എയര്‍ മാര്‍ഷല്‍ എസ്ആര്‍കെ നായര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
പാകിസ്താന് അതിര്‍ത്തിക്കുള്ളില്‍ എണ്‍പത് കിലോമീറ്റര്‍ വരെ കടന്നുചെന്നാണ് ഇന്ത്യന്‍ വ്യോമസേന ലക്ഷ്യം തകര്‍ത്തത്. വേണ്ടി വന്നാല്‍ ശക്തമായ നടപടി ഇന്ത്യ എടുക്കുമെന്ന് പാകിസ്താന് മനസിലായിട്ടുണ്ട്. എന്തിനും തയ്യാറാണ് എന്ന സന്ദേശം പാകിസ്താന് കൊടുക്കാന്‍ ഇന്ത്യയുടെ നേതൃത്വത്തിന് ആയെന്നും അദ്ദേഹം പറഞ്ഞു.
വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ ചിത്രവും വീഡിയോയും പുറത്തുവിട്ട സ്ഥിതിക്ക് അദ്ദേഹത്തെ പാകിസ്താന് വിട്ടയച്ചേ മതിയാകൂ. അല്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവര്‍ ഉത്തരം പറയേണ്ടിവരും. ജനീവ ഉടമ്പടി പ്രകാരം അവരുടെ ഏതൊരു ഓഫീസറെ പരിഗണിക്കുന്നത് പോലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെയും അവര്‍ക്ക് പരിഗണിച്ചേ മതിയാകൂ. ഒട്ടേറെ ആഭ്യന്തര പ്രശ്നങ്ങളുള്ള അസ്ഥിരമായ രാജ്യമാണ് പാകിസ്ഥാന്. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചതും ഇന്ത്യയുടെ പോര്‍വിമാനം അവര്‍ വെടിവച്ചിട്ടതും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരിക്കണം.
വിംഗ് കമാണ്ടറെ പിടികൂടിയ ഉടന്‍ പാകിസ്ഥാനില്‍ നിന്ന് പുറത്തുവന്നത് അദ്ദേഹത്തിന്റെ അന്തസിനെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ മുഖത്ത് മുറിവേറ്റത് പാകിസ്ഥാന് പട്ടാളത്തിന്റെ കസ്റ്റഡിയില്‍ വച്ചാണെന്നാണ് താന്‍ ചിത്രങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. എന്നാല്‍ പിന്നീട് പുറത്തുവിട്ട ദൃശ്യത്തില്‍ പാകിസ്ഥാന് പട്ടാള ഉദ്യോഗസ്ഥര്‍ അഭിനന്ദന് വര്‍ദ്ധമാനോട് മാന്യമായി പെരുമാറുന്നത് കാണാം.
പാകിസ്ഥാന് കൂടുതല്‍ പ്രകോപനത്തിന് മുതിരില്ലെന്നും വിംഗ് കമാണ്ടറെ ഇന്ത്യക്ക് കൈമാറുമെന്നാണ് താന്‍ കരുതുന്നതെന്നും എയര്‍ മാര്‍ഷല്‍ എസ്ആര്‍കെ നായര്‍ പറഞ്ഞു.
Discussion about this post