തിരുവനന്തപുരം: സംസ്ഥാനത്ത് ആരാച്ചാരാകാന്‍ കാത്തിരിക്കുന്നത് 12 പേര്. നിലവില്‍ വധശിക്ഷകള്‍ നടപ്പാക്കാന്‍ ഇല്ലാത്തതിനാല്‍ ഇവരുടെ അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിച്ചിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ അപ്പീല്‍ നല്കിയിരിക്കുകയുമാണ്.
സംസ്ഥാനത്ത് പൂജപ്പുര, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് വധശിക്ഷ നടപ്പാക്കാനുള്ള തൂക്കുമുറിയുള്ളത്. കണ്ണൂരില്‍ ഒരേസമയം രണ്ടുപേരെ തൂക്കിലേറ്റാനുള്ള സൗകര്യമുണ്ട്.
വധശിക്ഷാ മുറിയിലെ തൂക്കുമരത്തിന്റെ ലിവര്‍ വലിക്കല് മാത്രമാണ് ആരാച്ചാരുടെ ജോലി. ആരാച്ചാരുടെ വിവരം ജയില്‍ വകുപ്പ് രഹസ്യമായി സൂക്ഷിക്കുമെങ്കിലും പ്രതിഫലം 500 രൂപയായിരുന്നപ്പോള്‍ ആരും വലിയ താല്‍പ്പര്യം കാണിച്ചിരുന്നില്ല. അതിനാല്‍ പുതിയ ജയില്‍ ചട്ടത്തിന്റെ ഭാഗമായാണ് പ്രതിഫലം രണ്ടുലക്ഷം രൂപയാക്കിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1992ല്‍ റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷയാണ് കേരളത്തില്‍ അവസാനമായി നടപ്പാക്കിയത്. 15 പേരെ തലയ്ക്കടിച്ചു കൊന്ന കേസിലായിരുന്നു ശിക്ഷ. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1971ല്‍ അഴകേശനെ തൂക്കിക്കൊന്ന ശേഷം വേറെ ശിക്ഷ നടപ്പാക്കിയിട്ടില്ല.
Discussion about this post