പാലക്കാട്: ലോകസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തില്‍ എത്തും. പാലക്കാട് ജില്ലയിലെ വിവിധ യോഗങ്ങളിലും അമിത് ഷാ പങ്കെടുക്കും. അമിത് ഷാ എത്തുന്നതോടെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ചും അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. പാലക്കാട് ലോകസഭ മണ്ഡല കണ്‍വീനര്‍മാര്‍, ജില്ലാപ്രസിഡന്റുമാര്‍, വിസ്താരക് എന്നിവരുടെ യോഗത്തിലും വോട്ടര്‍ പേജിന്റെ ഉത്തരവാദിത്തമുള്ള പേജ് പ്രമുഖര്‍, ബൂത്ത് ശക്തി കേന്ദ്ര കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും.
സംസ്ഥാനത്ത് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെച്ചൊല്ലി ബിജെപിക്കുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പാര്‍ട്ടി അധ്യക്ഷന്റെ സന്ദര്‍ശനം. അതേസമയം അമിത് ഷായുടെ വരവിന് മുന്‍പ് തന്നെ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത സംസ്ഥാന ഭാരവാഹി യോഗത്തില്‍ ചര്‍ച്ചയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജില്ലാ തലത്തില്‍ കൂടിയാലോചനകളില്ലാതെ സംസ്ഥാനത നേതൃത്വത്തിലെ തന്നെ ചിലരുടെ നിര്‍ദേശം അനുസരിച്ച് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുന്നുവെന്നാണ് മുഖ്യ വിമര്‍ശനം. പാര്‍ട്ടിയുടെ കഴിഞ്ഞ കോര്‍ കമ്മിറ്റി യോഗത്തിലും ഇതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായതായി വിവരങ്ങളുണ്ട്.
ബിജെപി പ്രത്യേകമായി പരിഗണിക്കുന്ന മണ്ഡലങ്ങളിലൊന്നായ പാലക്കാട് ബിഡിജെഎസിന് നല്‍കാനുള്ള ആലോചനയ്ക്ക് എതിരെയും എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. മണ്ഡലത്തിലെ രാഷ്ട്രീയ-സാമുദായിക സാഹചര്യം മനസിലാക്കാതെയാണ് തീരുമാനമെന്നാണ് പ്രധാന വിമര്‍ശനം. ബിഡിജെഎസ് തൃശ്ശൂര്‍ ആവശ്യപ്പെട്ടിട്ടും അതിനു പകരമായി പാലക്കാട് നല്‍കാന്‍ ചില ബിജെപി നേതാക്കള്‍ നിര്‍ദേശിച്ചത് ഗ്രൂപ്പ് നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.
Discussion about this post