സംസ്ഥാനചലച്ചിത്ര അവാര്‍ഡ്: ഒടിയന്‍, ഞാന്‍ പ്രകാശനും കായംകുളം കൊച്ചുണ്ണിയുമടക്കം 150 ചിത്രങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനചലച്ചിത്ര അവാര്‍ഡിനായി ഇത്തവണ 150 ചിത്രങ്ങള്‍. ഒടിയന്‍, ഞാന്‍ പ്രകാശന്‍, കാര്‍ബണ്‍, ഒരു കുപ്രസിദ്ധ പയ്യന്‍, ഓള്, കായംകുളം കൊച്ചുണ്ണി, വരത്തന്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് അവാര്‍ഡിനായി അപേക്ഷിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ മൂന്ന് ചിത്രങ്ങളാണ് മത്സരത്തിനുള്ളത്.

നേരത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനു സമര്‍പ്പിച്ച കമലിന്റെ ‘ആമി’യും അക്കാദമി വൈസ് ചെയര്‍പെഴ്‌സന്‍ ബീന പോള്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച കാര്‍ബണും മത്സരിക്കുന്നതു സംബന്ധിച്ച് പ്രതിസന്ധി നില നിന്നിരുന്നു. വിവാദങ്ങള്‍ക്ക് ഒടുവില്‍ ഇവയെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയും രചനാവിഭാഗം ജൂറി ചെയര്‍മാനായി പികെ പോക്കറുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പിജെ ഇഗ്നേഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍.

Exit mobile version