മണ്ണാര്‍ക്കാട്: കരിങ്കോഴികളെ വച്ച് ഇനിയും ട്രോളരുത്, എന്റെ ജീവിതമാണ് മണ്ണാര്‍ക്കാട് സ്വദേശിയായ അബ്ദുല്‍ കരീം കണ്ണീരോടെ പറയുകയാണ്. മണ്ണാര്‍ക്കാട് തച്ചനാട്ടുകരയിലെ കരിങ്കോഴി കച്ചവടക്കാരനാണ് കരീം.
ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം അഡാര്‍ ലവ് പുറത്തിറങ്ങിയതുമുതല്‍, സൈബര്‍ലോകത്ത് കരിങ്കോഴി ട്രോളുകള്‍ നിറയുകയാണ്. കരീം തന്റെ കടയുടെ സമീപം സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ സുഹ്യത്തുക്കളായ രണ്ട് പേര്‍ക്ക് ഈ ഫോട്ടോ കമന്റായി കൊടുത്തത് തൊട്ടാണ് സംഗതി വൈറലാകുന്നത്.
പിന്നീട് ഈ പരസ്യം കേരളത്തിലങ്ങോളമുള്ള ട്രോളന്‍മാര്‍ ട്രോളാന്‍ ഉപയോഗിക്കുന്നതെന്ന് കരീം പറയുന്നു. മണ്ണാര്‍ക്കാട് സ്വന്തം കടയില്‍ വില്‍പ്പന നടത്തുന്ന കരിങ്കോഴികള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ടെന്ന് കരീം പറയുന്നു. ഇപ്പോഴത്തെ ട്രോളിലൂടെ ശരിക്കും ആളറിയാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തന്നെ വിളിച്ച് തെറി പറയുകയാണെന്നാണ് കരീം പരാതി പറയുന്നു.
‘ആളുകള്‍ രാവിലെ തൊട്ട് നിര്‍ത്താതെ ഫോണ്‍ വിളിക്കുകയാണ്, എടുത്താല്‍ വെറുതെ തെറി പറയും. കുറച്ച് പേര് മാത്രമാണ് ആവശ്യക്കാരായ കച്ചവടക്കാരായുള്ളു, അവര്‍ക്ക് ഞങ്ങള്‍ കോഴികളെ കൊടുക്കുന്നുമുണ്ട്’ കരീം പറയുന്നു.
കരിങ്കോഴി വില്‍പ്പനക്ക് അല്ലാതെ സത്യാവസ്ഥ അറിയാനായിട്ടും നിരവധി പേര്‍ ദിവസവും വിളിക്കുന്നുണ്ടെന്നും കരീം പറയുന്നു. ഇന്നൊരു ദിവസം മൂന്ന് പേര് മാത്രമാണ് കച്ചവടത്തിനായി വിളിച്ചതെന്നും ഭൂരിഭാഗം പേരും തെറിപറയാനാണ് വിളിക്കുന്നതെന്നും കരീം, പക്ഷേ ലഭിക്കുന്ന കച്ചവടത്തില്‍ സംതൃപ്തനാണ്. ആരെയും പ്രതീക്ഷിച്ചല്ല കച്ചവടം തുടങ്ങിയതെന്നും പടച്ചവന്‍ സഹായിച്ച് എല്ലാം നല്ലതായി വരുന്നെന്നും കരീം സന്തോഷത്തോടെ പറയുന്നു. തെറി പറയുന്നവര്‍ക്ക് ഇതിന്റെ പിന്നിലുള്ള സത്യവസ്ഥ അറിയാഞ്ഞിട്ടാകും, വിളിച്ച് അറിയുന്നവര്‍ കോഴിയെ വാങ്ങി പോകുന്നുണ്ട്.
പടിഞ്ഞാറന്‍ മധ്യപ്രദേശിലെ പ്രാദേശിക ബ്രീഡായ കരിങ്കോഴികള്‍ക്ക് ആയുര്‍വേദത്തിലും മറ്റും ഔഷധ ഗുണങ്ങളുണ്ടെന്നാണ് അവകാശവാദം. സാധാരണ കോഴികളില്‍ നിന്നും വിഭിന്നമായി കരിങ്കോഴിയുടെ ഇറച്ചി കറുത്ത നിറത്തിലുള്ളതാണെന്ന് മാത്രമല്ല വളരെയധികം പ്രോട്ടീന്‍ നിറഞ്ഞതും കുറഞ്ഞ കൊഴുപ്പടങ്ങിയതുമാണ്.
ജി.ഐ ടാഗുള്ള ഇന്ത്യയിലെ ഒരേയൊരു മ്യഗമാണ് കരിങ്കോഴി. 2018 ജൂലൈ 30 നാണ് ഇന്ത്യ ഗവണ്‍മെന്റ് കരിങ്കോഴിക്ക് ജി.ഐ ടാഗ് നല്‍കുന്നത്. ഒരു പ്രത്യേക പ്രദേശത്തോ രാജ്യത്തോ മാത്രം കണ്ട് വരുന്ന ഉത്പന്നങ്ങള്‍ക്കാണ് ജി.ഐ ടാഗ് നല്‍കാറുള്ളത്. ജി.ഐ ടാഗ് പ്രകാരം ആ പ്രത്യേക പ്രദേശത്തുള്ളവര്‍ക്ക് മാത്രമാകും അതിന്റെ തുടര്‍ന്നുള്ള വിപണനത്തിനും വില്‍പ്പനക്കുമുള്ള സാധ്യത നില നില്‍ക്കുന്നത്. ഒരു ജോഡിക്ക് 350 രൂപ എന്ന നിരക്കിലാണ് കരീം ഇപ്പോള്‍ കരിങ്കോഴി വില്‍പ്പന നടത്തുന്നത്. ഇപ്പോള്‍ മണ്ണാര്‍ക്കാട്ടെ സ്വന്തം കടയില്‍ മാത്രമാണ് കരീമിന്റെ കച്ചവടം.
ആരും ഇനിയും ആവശ്യമില്ലാതെ വിളിക്കേണ്ട കാര്യമില്ലെന്നാണ് കരീമിന് ആവശ്യപ്പെടാനുള്ളത്. ഈയാഴ്ചയിലുള്ള സ്റ്റോക്ക് ഇത് വരെ പൂര്‍ത്തിയായെന്നും ഇനി സ്റ്റോക്കെടുക്കാന്‍ പൊള്ളാച്ചിയിലോട്ട് നാളെ പോകാനിരിക്കുകയാണെന്നും കരീം പറയുന്നു.
Discussion about this post