തിരുവനന്തപുരം: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് കൃപേഷിന്റെ വീടെന്ന സ്വപ്‌നം ഉടന്‍ യാഥാര്‍ത്ഥ്യമാവും. കൃപേഷിന് വീടു നിര്‍മ്മിക്കാനായി ഹൈബി ഈഡന്‍ എംഎല്‍എ സന്നദ്ധത അറിയിച്ചു. എറണാകുളം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന തണല്‍ പദ്ധതി വഴി ഒരു വീട് വെച്ചു നല്‍കുമെന്നാണ് ഹൈബി ഈഡന്‍ അറിയിച്ചിരിക്കുന്നത്.
കല്യോട്ടെ പെയിന്റു പണിക്കാരാനായ കൃഷ്ണന്റേയും കൂലി തൊഴിലാളിയായ ബാലാമണിയുടേയും മകനാണ് കൃപേഷ്. കുടുംബത്തിന്റെ ഏക പ്രതീക്ഷ മുഴുവന്‍ കൃപേഷിലായിരുന്നു. ഓലപ്പുരയില്‍ നിന്നും പുതിയ വീടെന്ന സ്വപ്നമായിരുന്നു മനസ്സുനിറയെ.
പോളിടെക്നിക്കില്‍ ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കി ജോലിക്കു വേണ്ടി അന്വേഷിക്കുന്നതിനിടയിലാണ് കൃപേഷ് കൊലചെയ്യപ്പെട്ടത്. രണ്ട് സഹോദരിമാരില്‍ ഒരാള്‍ വിവാഹിതയാണ്. രണ്ടാമത്തെ സഹോദരി ഡിഗ്രിക്ക് പഠിക്കുകയാണ്.
ഓല മേഞ്ഞ ഒറ്റമുറി വീട്ടില്‍ നിന്നാണ് പത്തൊന്‍പതുകാരനയ കൃപേഷ് ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചത്. താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് അവന്റെ കുടുംബത്തെ തകര്‍ത്തത്. ഈ കുടുംബത്തിന്റെ ഉത്തരവാദിത്വം ഇനി ഓരോ കോണ്‍ഗ്രസുകാരന്റെയും ബാധ്യതയാണെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കി.
എറണാകുളം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന തണല്‍ ഭവന പദ്ധതിയുമായി സഹകരിക്കുന്ന ഒരു സുഹൃത്ത് കൃപേഷിന്റെ വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം കാസര്‍ഗോഡ് ഡിസിസി. പ്രസിഡന്റ് ഹക്കീമുമായി സംസാരിച്ചെന്നും ഹൈബി പറഞ്ഞു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃപേഷിന്റ സ്ഥാനത്തു നിന്ന് ആ മാതാപിതാക്കള്‍ക്ക് വീടെന്ന സ്വപ്നം ഞങ്ങള്‍ സാക്ഷാത്ക്കരിക്കുമെന്നും അദ്ദേഹം വാക്കു നല്‍കി.
Discussion about this post