തൃശ്ശൂര്‍: അച്ഛന്റെ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കി രാജ്കീര്‍ത്തിയും ദിവ്യകീര്‍ത്തിയും. കഴിഞ്ഞ ദിവസം അന്തരിച്ച ആകാശവാണി മുന്‍ഡയറക്ടര്‍ സിപി രാജശേഖരന്റെ അന്ത്യകര്‍മ്മം അദ്ദേഹത്തിന്റെ പെണ്‍മക്കളാണ് നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹം കണക്കിലെടുത്താണ് ഇത്. സമ്പൂര്‍ണ ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്.
ഹൈന്ദവാചാരമനുസരിച്ച് ആണ്‍മക്കളില്ലാത്ത വ്യക്തികളുടെ അന്ത്യകര്‍മ്മങ്ങള്‍ ഏറ്റവും അടുത്ത ബന്ധുക്കളില്‍ മകന്റെ സ്ഥാനത്ത് വരുന്ന ആരെങ്കിലുമാണ് ചെയ്യാറ്.
എന്നാല്‍ താന്‍ മരിച്ചാല്‍ അന്ത്യകര്‍മ്മങ്ങള്‍ നിങ്ങള്‍ ചെയ്യണമെന്ന് രാജശേഖരന്‍ തന്റെ പെണ്‍മക്കളോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാര്യ ശൈലജയുടെ സഹോദരന്‍ ഹരിപ്രസാദ് മരിച്ച സന്ദര്‍ഭത്തിലാണ് സിപി രാജശേഖരന്‍ മക്കളോട് തന്റെ ആഗ്രഹം പറഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തൃശൂര്‍ രാമവര്‍മപുരം മൈത്രി ലൈനിലെ ശിവമയം വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അച്ഛന്റെ ആഗ്രഹം തങ്ങള്‍ നിറവേറ്റുമെന്ന് രാജ്കീര്‍ത്തിയും ദിവ്യകീര്‍ത്തിയും അറിയിച്ചു.
അച്ഛന്റെ പുസ്തകങ്ങളൊക്കെ മുഴുവന്‍ വായിച്ച് അഭിപ്രായം പറയണമെന്ന് പറയും. അച്ഛന്റെ ജീവനായിരുന്നു പുസ്തകങ്ങള്‍. സ്നേഹത്തോടൊപ്പം ധൈര്യവും പകര്‍ന്നു തന്നാണ് അച്ഛന്‍ വളര്‍ത്തിയത്. പെണ്‍കുട്ടിയാണെന്ന് ചിന്തിച്ച് ഒന്നിലും അധൈര്യപ്പെടരുതെന്ന് ഓര്‍മ്മിപ്പിച്ചിരുന്നു- രാജ്കീര്‍ത്തി പറഞ്ഞു.
പ്രതിമകള്‍ വില്‍ക്കാനുണ്ട്, ഡോക്ടര്‍ വിശ്രമിക്കുന്നു, മൂന്ന് വയസന്മാര്‍, ഗാന്ധി മരിച്ചുകൊണ്ടിരിക്കുന്നു, സോളിലോക്വി എന്നിവയാണ് പ്രധാനകൃതികള്‍. മദ്രാസ്, എംജി സര്‍വകലാശാലകളുടെയും സിബിഎസ്ഇയുടെയും പാഠ്യപദ്ധതികളില്‍ സിപി രാജശേഖരന്റെ കൃതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സിപി രാജശേഖരന്റെ അന്ത്യം. വടക്കന്‍ പറവൂരില്‍ പുരുഷോത്തമന്‍ നായരുടെയും പാറുക്കുട്ടിയുടെയും മകനായി 1947 സെപ്തംബര്‍ ഒമ്പതിനാണ് സി പി രാജശേഖരന്‍ ജനിച്ചത്. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും സംസ്‌കൃതത്തില്‍ അധിക ബിരുദവും നേടി.
ആകാശവാണി തൃശൂര്‍ നിലയത്തില്‍ അനൗണ്‍സറായിട്ടായിരുന്നു തുടക്കം. 1987ല്‍ ചെന്നൈ ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി. 1997ല്‍ തിരുവനന്തപുരത്ത് അസി. സ്റ്റേഷന്‍ മാസ്റ്ററായി. തുടര്‍ന്ന് തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ ഡയറക്ടറായി. ഷില്ലോംഗിലും കോഴിക്കോടും ജോലി ചെയ്തു. 2008 വരെ ആകാശവാണി സ്റ്റേഷന്‍ ഡയറക്ടറായി കോഴിക്കോട് തുടര്‍ന്നു. പിന്നീട് മംഗലാപുരത്തുനിന്നാണ് വിരമിച്ചത്.
മുമ്പ് തിരുവനന്തപുരം കലക്ടര്‍ കെ വാസുകി ഐഎഎസിന്റെ അന്ത്യകര്‍മ്മങ്ങള്‍ വാുകിയും സഹോദരിയും ചേര്‍ന്ന് പൂര്‍ത്തിയാക്കിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.