കാസര്‍കോട്: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ഡിവൈഎസ്പി റാങ്കിലുള്ള പ്രത്യേക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് കാസര്‍കോട് കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ കാറില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലയ്ക്ക് പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുകയാണ്.
അതേസമയം ഹര്‍ത്താലിന്റെ പേരില്‍ ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.