തിരുവനന്തപുരം: മാലാഖമാരുടെ കാരുണ്യത്തില്‍ സ്വാതിമോള്‍ക്ക് സ്വന്തം വീടായി. നഴ്സുമാര്‍ സ്വരുക്കൂട്ടിയ 14 ലക്ഷത്തോളം രൂപ ചെലവിട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് നിര്‍മ്മിച്ച സ്വപ്നഗൃഹം തിരുവനന്തപുരം ഭരതന്നൂരിലെ സ്വാതിമോള്‍ക്ക് കൈമാറി. ആയിരക്കണക്കിന് നഴ്സുമാരെ സാക്ഷിയാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വീടിന്റെ താക്കോല്‍ സ്വാതിമോളുടെ കയ്യിലേല്‍പ്പിച്ചത്.
യുഎന്‍എ ചെയ്തിരിക്കുന്നത് വലിയ മാതൃകയാണ്. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും നല്‍കുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ധന-വിഭവ സമാഹരത്തിനും വിതരണത്തിലും ഉണ്ടായേക്കാവുന്ന സാങ്കേതികത മൂലം പദ്ധതിയെ മുഴുവന്‍ അര്‍ത്ഥത്തിലും പൂര്‍ണതയിലെത്തിക്കാന്‍ സര്‍ക്കാരിനെ കൊണ്ട് സാധിക്കണമെന്നില്ല. അങ്ങിനെയുള്ള ഘട്ടത്തിലാണ് സര്‍ക്കാരിന് സന്നദ്ധ സംഘടനയുടെയും പ്രസ്ഥാനങ്ങളുടെയെല്ലാം സഹായം തേടേണ്ടി വരുന്നത്.
എന്നാല്‍, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകള്‍ക്ക് കാത്തുനില്‍ക്കാതെ അങ്ങേയറ്റം മാതൃകാപരമായാണ് യുഎന്‍എയുടെ അംഗങ്ങള്‍ സംഘടനാ പ്രവര്‍ത്തനത്തിനായി സ്വരൂപിക്കുന്ന മാസവരിയില്‍ നിന്ന് മിച്ചംവച്ച് നിര്‍ധനയായ ഒരു കൊച്ചുകുട്ടിക്ക് സ്ഥലവും വീടും നല്‍കിയിരിക്കുന്നതെന്ന് കാനം പറഞ്ഞു.
യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന് ഷാ ചടങ്ങുകള്‍ക്ക് അധ്യക്ഷത വഹിച്ചു. ഭൂമിയുടെ ആധാരം ഡികെ മുരളി എംഎല്‍എ സ്വാതിമോള്‍ക്ക് കൈമാറി. ന്യൂനപക്ഷ കമ്മിഷനംഗം അഡ്വ ഫൈസല്‍, പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എസ് ഗീത, പഞ്ചായത്തംഗം ലളിതകുമാരി, യുഎന്‍എ രക്ഷാധികാരി വത്സന് രാമംകുളത്ത്, യുഎന്‍എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്, ട്രഷറര്‍ ബിബിന്‍ എന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. വീട് നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളെ യോഗത്തില്‍ ആദരിച്ചു. പദ്ധതി കോഓര്‍ഡിനേറ്റര്‍ അഭിരാജ് ഉണ്ണി സ്വാഗതവും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് നന്ദിയും പറഞ്ഞു.
Discussion about this post