കോഴിക്കോട്: പ്രണയദിനത്തില്‍ സിവില്‍സര്‍വീസ് പ്രണയ സാഫല്യത്തിന് സാക്ഷിയായി കോഴിക്കോട് നഗരം. കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഐഎഎസുകാരായ ബഗാഡി ഗൗതവും അശ്വതി സെലുരാജുമാണ് പ്രണയദിനത്തില്‍ ഒന്നായത്.
കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലാകലക്ടറാണ് ബഗാഡി ഗൗതം. ദാവന്‍ഗരെ ജില്ലാപഞ്ചായത്ത് എക്‌സിക്യൂട്ടീവും കോഴിക്കോട് സ്വദേശിനിയുമാണ് അശ്വതി സെലുരാജ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അഗ്നിസാക്ഷിയായി താലിചാര്‍ത്തി.
ദാവന്‍ഗരെ ജില്ലയുടെ മുഖഛായ മാറ്റിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് അശ്വതി. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങി 29 വകുപ്പുകളുടെ ചുമതലയുള്ള ഓഫിസര്‍. കുടിവെള്ളമില്ലാത്ത ജില്ലയിലെ ഓരോ വീട്ടിലും ദിവസവും 22 ലീറ്റര്‍ കുടിവെള്ളമെത്തിച്ച ഉദ്യോഗസ്ഥ. ജില്ലയുടെ മുന്നേറ്റത്തില്‍ അശ്വതിയുടെ പങ്കിനെക്കുറിച്ച് അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിനന്ദിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ആന്ധ്രയിലെ വിശാഖപട്ടണം സ്വദേശി ബഗാഡി ഗൗതം സിവില്‍ സര്‍വീസ് അക്കാദമിയില്‍ അശ്വതിയുടെ സീനിയറായിരുന്നു. 2009 ബാച്ച് ഐഎഎസുകാരനാണ് ഗൗതം. 2013 ബാച്ചിലെ ഐഎഎസുകാരിയാണ് അശ്വതി. നാലു വര്‍ഷം മുന്‍പാണ് ഇരുവരും സൗഹൃദത്തിലായത്.
അശ്വതിയുടെ അച്ഛന്‍ ചേവായൂര്‍ ഹര്‍ഷത്തില്‍ ടിബി സെലുരാജ് അഭിഭാഷകന്‍ എന്നതതിനേക്കാള്‍ ഉപരി കോഴിക്കോടിന്റെ ചരിത്രകാരനാണ്. അശ്വതിയുടെ അമ്മ പുഷ്പ സെലുരാജ് വാണിജ്യനികുതി വകുപ്പില്‍ ഡപ്യൂട്ടി കമ്മിഷണറായി വിരമിച്ചു. അശ്വതിയുടെയും ഗൗതമിന്റെയും വിവാഹം പ്രണയദിനത്തില്‍ നടത്തണമെന്ന് തീരുമാനിച്ചത് ടിബി സെലുരാജാണ്. വൈശാഖാണ് അശ്വതിയുടെ സഹോദരന്‍.
Discussion about this post