യുഎന്‍എ വാക്ക് പാലിച്ചു! സ്വാതിമോള്‍ക്ക് ഇത്തവണ സ്വന്തം വീടിന്റെ മുറ്റത്ത് പൂക്കളമിടാം; മാലാഖമാരുടെ സന്മമനസ്സ് അടച്ചുറപ്പുള്ള വീട് പണിതുനല്‍കി

തൃശ്ശൂര്‍: ഭൂമിയിലെ മാലാഖമാരുടെ സന്മനസ്സില്‍ സ്വാതിമോള്‍ക്ക് അടച്ചുറപ്പുള്ള വീടായി. വീടിന്റെ താക്കോല്‍ ദാനം ഫെബ്രുവരി 14 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ ഭരതന്നൂരിലെ പാങ്ങോട് സാഹിറ ഓഡിറ്റോറിയത്തില്‍ വെച്ച് കാനം രാജേന്ദ്രന്‍ നിര്‍വഹിക്കും. സ്ഥലം എംഎല്‍എ ഡി.കെ മുരളി,വാര്‍ഡ് കമ്മിറ്റി മെമ്പര്‍ ലളിത ,സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

യുഎന്‍എ സജീവ അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന മാസ ലെവിയില്‍ നിന്നും നിശ്ചിത തുക എല്ലാ മാസവും മാറ്റി വെച്ചാണ് സ്വാതി മോള്‍ക്ക് സ്ഥലം വാങ്ങി വീടൊരുക്കിയത്. 3 സെന്റ് ഭൂമിയിലാണ് വീട്.

2017ലെ ഓണത്തിനാണ് സ്വാതിമോളുടെ വീടിന്റെ ശോചനീയാവസ്ഥ യുഎന്‍എയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ചെറിയ കൂരക്ക് മുന്നില്‍ താനിട്ട അത്തപ്പൂക്കളത്തിന് മുന്നില്‍ സ്വാതി മോളുടെ ചിത്രം ഒരു നൊമ്പരമായിരുന്നു. തുടര്‍ന്നാണ് സ്വാതി മോളുടെ വീട് കണ്ടു പിടിക്കുകയാണെങ്കില്‍ യുഎന്‍എ വീട് വെച്ച് കൊടുക്കും എന്ന് പ്രഖ്യാപിച്ചത്. പല സുമനസ്സുകളും പിന്തുണ പ്രഖ്യാപിക്കുകയുമുണ്ടായി.

തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം കൂടെ നില്‍ക്കുകയും,അന്വേഷിക്കുകയും നമ്മുടെ പത്തനംതിട്ട എന്ന പേജിന്റെ സഹായത്തോടെ മോളെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സ്വാതിമോളെയും കുടുംബത്തെയും നേരിട്ട് പോയി കണ്ടപ്പോഴാണ് പുറമ്പോക്ക് ഭൂമിയിലാണ് താമസമെന്നും, സ്വന്തമായി സ്ഥലമില്ല എന്നത് മനസ്സിലായതും സ്ഥലം വാങ്ങിയതും.

കഴിഞ്ഞ ഓണക്കാലത്ത് യുഎന്‍എ നല്‍കിയ വാക്കാണ് സ്വാതി മോള്‍ക്ക് ഇത്തവണപുതിയ വീട്ടില്‍ ഓണമാഘോഷിക്കാമെന്നും അത്തപ്പൂക്കളം ഇടാമെന്നതും. തീര്‍ച്ചയായും യുഎന്‍എ ആ വാക്ക് പാലിച്ചിരിക്കുകയാണ്.

സ്വാതി മോളുടെ വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പ്രഖ്യാപിച്ചപ്പോള്‍ നമ്മള്‍ക്കെതിരെ പ്രചണ്ഡമായ കുപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കുള്ള മറുപടി കൂടിയാണിതെന്ന് യുഎന്‍എ ജാസ്മിന്‍ഷാ പറയുന്നു.

സ്വാതിമോളുടെ വീട്ടിലേക്ക് ആവശ്യമായ ഫര്‍ണ്ണിച്ചറുകളോ മറ്റു സാധന സാമഗ്രികളോ നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്നും ജാസ്മിന്‍ഷാ ഫേസ്ബുക്കില്‍ കുറിച്ചു. സ്വാതിമോളുടെ വീടിനെപ്പോലെ ഒട്ടും അടച്ചുറപ്പില്ലാത്ത ഇത്തരം വീട്ടില്‍ താമസിക്കുന്നവരെ സംരക്ഷിക്കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.

Exit mobile version