കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന് പിന്നാലെ കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കും. മാര്‍ച്ച് 31നുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന് എയര്‍ പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു. എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതോടൊപ്പം ഹജ്ജ് സര്‍വ്വീസുകളും പുനരാരംഭിക്കും. ഇതിനു പുറമെ ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ ലൈന്‍സ് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ആരംഭിച്ചിരുന്നെങ്കിലും എയര്‍ ഇന്ത്യയുടെ സര്‍വ്വീസ് പുരനരാരംഭിച്ചിരുന്നില്ല. ഡിജിസിഎയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു.
ആദ്യ ഹജ്ജ് വിമാനം പറന്നുയരുന്നത് കരിപ്പൂരില്‍ നിന്നായിരിക്കുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഉറപ്പ് പറഞ്ഞു. അതേ സമയം ആഭ്യന്തര സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ട് ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും സര്‍വ്വീസ്. മറ്റിടങ്ങളിലേക്ക് സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള പ്രൊപ്പോസലും നല്‍കിയിട്ടുണ്ട്.