വയനാട്: കുരങ്ങുപനി സ്ഥിരീകരിച്ച വയനാട് ജില്ലയില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 41 കുരങ്ങുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഇവയില്‍ ആറ് കുരങ്ങുകളുടെ പോസ്റ്റുമാര്‍ട്ടം നടത്തി സാമ്പിളുകള്‍ തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്. എന്നാല്‍ ഇവയുടെ പരിശോധനഫലം ഇനിയും എത്താത്തത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
ജില്ലയില്‍ പുതുതായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ പലയിടത്തും കുരങ്ങുകളുടെ ജഡം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. അതേസമയം സാമ്പിളുകളുടെ പരിശോധനാഫലം വന്നതിന് ശേഷമേ രോഗകാരണം വ്യക്തമാക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ ജോലിക്ക് പോയ രണ്ടുപേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.
അതേ സമയം കുരങ്ങുകളുടെ ജഡം കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പനി ബാധിതരെ കണ്ടെത്തുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ സര്‍വ്വേ ഇപ്പോഴും ജില്ലയില്‍ തുടരുന്നുണ്ട്. കുരങ്ങിപനിയെ കുറിച്ച് ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും കുരങ്ങുപനിക്ക് കാരണമാകുന്ന ചെള്ളുകളുടെ സാന്നിധ്യം ഇതുവരെ ജില്ലയില്‍ കണ്ടെത്താനായിട്ടില്ലെന്നും ഡിഎംഒആര്‍ രേണുക അറിയിച്ചു.