കൊച്ചി: കളമശ്ശേരി-വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ ടോള്‍ പിരിവ് നടത്തുന്നതിനെ കണ്ടെയ്നര്‍ ലോറി ഉടമകള്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്. സമരത്തെ തുടര്‍ന്ന് കൊച്ചി വല്ലാര്‍പാടം തുറമുഖത്തു നിന്നുള്ള ചരക്കു ഗതാഗതം നിലച്ചിരിക്കുകയാണ്. ടോള്‍ പിരിവിനെതിരെയുള്ള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി രാവിലെ പതിനൊന്നിന് ടോള്‍ പ്ലാസയിലേക്ക് കണ്ടെയ്നര്‍ ലോറി ഉടമകള്‍ പ്രകടനം നടത്തും. വല്ലാര്‍പാടത്തു നിന്നും ചരക്കു കൊണ്ടു പോകുന്ന 2500 ലധികം കണ്ടെയ്നര്‍ ലോറികളാണ് ടോളിനെതിരെ സമര രംഗത്തുള്ളത്.
കണ്ടെയ്നര്‍ ലോറികള്‍ ഇന്നലെ രാവിലെ മുതലാണ് പോര്‍ട്ടില്‍ നിന്നും ചരക്കെടുക്കുന്നത് നിര്‍ത്തി വെച്ചത്. പുറത്തു നിന്ന് വരുന്ന വാഹനങ്ങളോടും ചരക്ക് എടുക്കരുതെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീമമായ തുക ടോള്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് കണ്ടെയ്നര്‍ ഉടമകള്‍. അതേ സമയം പോര്‍ട്ടില്‍ നിന്നുള്ള ചരക്ക് നീക്കം നിലച്ചത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ടോള്‍ പിരിവിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് കണ്ടെയ്നര്‍ ലോറി ഉടമകളുടെ തീരുമാനം. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ടോള്‍ പിരിവ് ഇന്നലെ രാവിലെയാണ് പുനരാരഭിച്ചത്. വാണിജ്യ അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളില്‍ നിന്നും കണ്ടയ്നര്‍ ലോറികളില്‍ നിന്നുമാണ് ഇപ്പോള്‍ ടോള്‍ ഈടാക്കുന്നത്.
Discussion about this post