കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ മാത്തൂര്‍ക്കുളങ്ങര സുനിലിന്റെ വയലിലാണ് ഔഷധനെല്ലിനങ്ങളില്‍ പ്രഥമസ്ഥാനമുള്ള ‘കരിഗജബല’ വിളവെടുത്തിരിക്കുന്നത്. നെന്മേനി പഞ്ചായത്തിലുള്‍പ്പെട്ട കല്ലിങ്കര പാടശേഖരത്തിലെ പരീക്ഷണം വലിയ വിജയമായതിന്റെ ആഹ്ലാദത്തിലാണ് സുനിലിപ്പോള്‍. ഒരു കിലോ നെല്ലിന് വില 400 അരിക്ക് 500 രൂപയും . കാന്‍സറിനെ പ്രതിരോധിക്കാന്‍ കരിഗജബലക്ക് കഴിയുമെന്ന് പറയപ്പെടുന്നതിനാല്‍ ആവശ്യക്കാരുമുണ്ട്.
രോഗപ്രതിരോധശേഷി കൂടുതലുള്ള നെല്ലിനമായ കരിഗജബല കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവന്നത്. മറ്റ് നെല്ലിനങ്ങള്‍ക്കൊപ്പമാണ് നട്ടത്. നൂറ്റിനാല്‍പ്പതാം ദിവസമായിരുന്നു വിളവെടുപ്പ്. വിളഞ്ഞു തുടങ്ങുമ്പോഴെ കതിര്‍മണികള്‍ക്ക് കറുപ്പ് നിറം ബാധിക്കും. അരിക്കും നീലകൂടിയ കറുപ്പ് തന്നെയാണ് നിറം.
കൃഷിയിടം സന്ദര്‍ശിച്ചവരും സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞവരുമെല്ലാം നെല്ലിന് ആവശ്യക്കാരായി എത്തിയപ്പോള്‍ ഒരുമണി പോലും ബാക്കിയില്ലാതെ വിറ്റുപോയതായി സുനില്‍ പറഞ്ഞു. അമ്പലവയല്‍ കൃഷി ഓഫീസര്‍ വി വി ധന്യയുടെ മേല്‍നോട്ടത്തിലായിരുന്നു കൃഷി. മുമ്പും വ്യത്യസ്തമായ നിരവധി നെല്ലിനങ്ങള്‍ പരീക്ഷിച്ച് വിജയിച്ച കര്‍ഷകനാണ് സുനില്‍. പരീക്ഷണ കൃഷിയില്‍ നല്ല വിളവും വിലയും ലഭിച്ചതിനാല്‍ കൂടുതല്‍ സ്ഥലത്ത് കരിഗജബല കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് സുനില്‍.
Discussion about this post