ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല വിഷയത്തില്‍ എടുത്ത നിലപാടാണ് ശരിയെന്ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് സേതുപതി. താന്‍ പിണറായി വിജയന്റെ കടുത്ത ആരാധകനാണെന്നും ശബരിമല വിഷയം മുഖ്യമന്ത്രി കെകാര്യം ചെയ്ത രീതി തന്നെ ആകര്‍ഷിച്ചുവെന്നും വിജയ് സേതുപതി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തനിക്ക് ഒരിക്കല്‍ ഒരു ചാനല്‍ പരിപാടിയില്‍ പിണറായി വിജയനൊപ്പം വേദി പങ്കിടാന്‍ അവസരം ലഭിച്ചിരുന്നു. അദ്ദേഹം വേദിയിലേക്ക് കടന്നുവന്നപ്പോള്‍ ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററെപ്പോലെയാണ് തോന്നിയത്. എല്ലാ ബഹളവും നിലച്ചു. എല്ലാവരും അനുസരണയുള്ളവരായി. അദ്ദേഹം വളരെ കൂളാണ്. അദ്ദേഹത്തിന് ഏതു പ്രശ്നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാമെന്നും സേതുപതി പറഞ്ഞു.
ഗജ ചുഴലിക്കാറ്റ് തമിഴ്‌നാടിനെ തകര്‍ത്തപ്പോള്‍ മുഖ്യമന്ത്രി പത്ത് കോടിയാണ് നല്‍കിയത്. ആ നന്ദി എപ്പോഴുമുണ്ടെന്നും പറഞ്ഞ സേതുപതി ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ, ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും അവര്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. അതെന്തിനുള്ള വേദനയാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരമൊരു ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഈ ഭൂമിയില്‍ ഉണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവര്‍ എങ്ങനെയാണ് അശുദ്ധരാകുന്നത്, ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി. മാമനിതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് വിജയ് സേതുപതി ആലപ്പുഴയില്‍ എത്തിയിരിക്കുന്നത്.
Discussion about this post