തിരുവനന്തപുരം : കേരളത്തിലെ ഐഎസ് സാന്നിധ്യം ചര്‍ച്ച ചെയ്യാനായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും സൈബര്‍ ഡോമിന്റെ സഹകരണത്തോടെ ഡ്രോണ്‍ റിസര്‍ച്ച് സെന്റര്‍ തലസ്ഥാനത്ത് ആരംഭിക്കുമെന്നും ഡിജിപി അനില്‍ കാന്ത്.
പോലീസിലെ ക്രിമിനലുകളുടെ പട്ടിക പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രസിദ്ധീകരിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.പോലീസ്-മണല്‍-ഭൂമി മാഫിയ ബന്ധത്തിനെതിരെ ശക്തമായ നടപടിയെടുക്കും. സൈബര്‍ വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. റിപ്പോര്‍ട്ടുകള്‍ വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഫൊറന്‍സിക് വിഭാഗത്തില്‍ കൂടുതല്‍ ആളുകളെ നിയമിക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും ഡിജിപി പറഞ്ഞു. കേസുകള്‍ കഴിവതും വേഗത്തില്‍ തീര്‍പ്പാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ജനമൈത്രി പോലീസിങും വനിതാ സെല്ലിന്റെ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും. കേസുകള്‍ അന്വേഷിക്കുന്നതില്‍ ലോക്കല്‍ പോലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസുകാര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്ന കാര്യം ആലോചനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ചില്‍ ജീവനക്കാരുടെ ക്ഷാമം പരിശോധിച്ച് നടപടിയെടുക്കും. ഷാഡോ പോലീസ് ടീമിനെ ശക്തിപ്പെടുത്തും.തീവ്രവാദ വിരുദ്ധസേനയെ ശക്തിപ്പെടുത്തുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിലേക്ക് നല്‍കിയതായും ഡിജിപി അറിയിച്ചു.