ആലപ്പുഴ : മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) നാളെ ഒപി ബഹിഷ്‌കരിക്കും.
“സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ അനാസ്ഥയാണ്.ഈ വിഷയം ഉന്നയിച്ച് കെജിഎംഒഎ നടത്തി വരുന്ന ഇടപെടലുകള്‍ അവഗണിക്കപ്പെട്ടിരിക്കുകയാണ്.അതിനാല്‍ പ്രതിഷേധം ശക്തമാക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു.” സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കും. രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റ് ഒപി സേവനങ്ങളും നിര്‍ത്തിവെച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും സംഘടന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐപി ചികിത്സ, കോവിഡ് ചികിത്സ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് മുടക്കമുണ്ടാവില്ല.
കോവിഡ് മഹാമാരിയുടെ കാലത്ത് പോലും ഇത്തരം അക്രമണങ്ങള്‍ ചെറുക്കാനും നീതി നടപ്പാക്കാനുമായി ഡോക്ടര്‍മാര്‍ക്ക് പരസ്യ പ്രതിഷേധത്തിലേക്ക് പോകേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നും വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കാതെ പോലീസുകാരനുള്‍പ്പടെയുളള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.ജി. എസ് വിജയകൃഷ്ണന്‍ ജനറല്‍ സെക്രട്ടറി ഡോ.ടി എന്‍ സുരേഷ് എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.അതേസമയം പോലീസിന്റെ നടപടിയില്‍ നിരാശ പ്രകടിപ്പിച്ച് മര്‍ദ്ദനമേറ്റ ഡോ.രാഹുല്‍ മാത്യൂ ജോലി രാജി വയ്ക്കുന്നുവെന്ന് അറിയിച്ചു.
Discussion about this post