കൊച്ചി : അമ്മയെയും രണ്ട് പെണ്മക്കളെയും കഴുത്ത് മുറിച്ച് കൊന്ന കേസില്‍ കൊല്ലം സ്വദേശിയായ യുവതിയുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. സംഭവത്തിന് ശേഷം യുവതിയുടെ മാനസികാരോഗ്യനില പരിശോധിച്ചില്ലെന്ന് വിലയിരുത്തിയാണ് യുവതിയെ വിട്ടയച്ചത്. ഇവരെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കാനും കോടതി നിര്‍ദേശം നല്കി.
2008 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ആറും എട്ടും വയസ്സുള്ള പെണ്മക്കളെയും മാതാവിനെയും വധിച്ച ശേഷം സ്വന്തം കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചെന്നായിരുന്നു കേസ്.വിചാരണവേളയില്‍ യുവതി കുറ്റം നിഷേധിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ താന്‍ മാനസികദൗര്‍ബല്യമുള്ള ആളായിരുന്നുവെന്നും മറ്റാരോ വീട്ടില്‍ കയറി തങ്ങളെ ആക്രമിച്ചെന്നും അറിഞ്ഞുകൊണ്ട് തനിക്ക് ആരെയും ഉപദ്രവിക്കാനാവില്ല എന്നുമാണ് അറിയിച്ചത്.
ഈ വാദം തള്ളിയ സെഷന്‍സ് കോടതി 2013 നവംബര്‍ 28ന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതിനെതിരെ നല്കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.മാനസിക ദൗര്‍ബല്യത്തിന് ചികിത്സയ്ക്ക് വിധേയമായിട്ടുണ്ട് എന്നതിന് തെളിവുണ്ടായിട്ടും മാനസിക നിലയെക്കുറിച്ച് അന്വേഷണം നടത്തിയില്ലെന്ന് യുവതിയുടെ അഭിഭാഷകന് വാദിച്ചു. യുവതി മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയയായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
യുവതിയുടെ മാനസികാരോഗ്യ പ്രശ്നം സംബന്ധിച്ച് യുവതിയുടെ സഹോദരനും മൊഴി നല്‍കിയിട്ടുണ്ട്. ചികിത്സിച്ച ഡോക്ടര്‍ നല്കിയ സര്‍ട്ടിഫിക്കറ്റും ഇത് ശരിവയ്ക്കുന്നു. വിചാരണ ആരംഭിക്കുന്നതിന് മുമ്പും അവര്‍ ചികിത്സയ്ക്ക് വിധേയയായിരുന്നു എന്നും കോടതി പറഞ്ഞു.
Discussion about this post