കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവ് പുറത്തുവിട്ട് പ്രസീത അഴീക്കോട്. പത്ത് ലക്ഷം രൂപ സി കെ ജാനുവിന് നൽകാനെത്തുന്നതിന് മുമ്പ് പല തവണ പ്രസീതയെ സുരേന്ദ്രൻ വിളിക്കുന്നതിന്റെ കോൾ റെക്കോർഡുകൾ പുറത്ത്വിട്ടതായി ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
സികെ ജാനു പ്രസീതയുടെ ഫോണിൽ നിന്ന് സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിച്ചിട്ടുണ്ട്.ഹൊറൈസൺ ഹോട്ടലിലെ 503 ആം നമ്പർ മുറിയിലേക്ക് എത്താൻ സുരേന്ദ്രന്റെ സെക്രട്ടറിയോട് പ്രസീതയുടെ ഫോണിൽ നിന്ന് ജാനു പറയുന്നുണ്ട്. ഇതേ മുറിയിൽ വച്ച് പത്ത് ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം. വിജയ യാത്രക്കിടെ മാർച്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ചയ്ക്ക് സമയം ഒരുക്കാൻ പ്രസീതയോട് സുരേന്ദ്രൻ ആവശ്യപ്പെടുന്ന കോൾ റെക്കോർഡും പുറത്തുവന്നിട്ടുണ്ട്.
സി.കെ. ജാനുവിനു പണം നൽകുന്നതുമായി ബന്ധപ്പെട്ട് ആദ്യം പുറത്തു വിട്ട ശബ്ദ രേഖയ്ക്കു പിന്നാലെ ബി.ജെ.പി. ബന്ധമുള്ളവർ തന്നെ അവഹേളിക്കാൻ ശ്രമിക്കുന്നതായി പ്രസീത അഴീക്കോട് പറഞ്ഞിരുന്നു. ഇനിയും അവഹേളിക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തു വിടുമെന്നും പ്രസീത നേരത്തെ പറഞ്ഞിരുന്നു.