തിരുവനന്തപുരം : ദേവികുളം എംഎല്‍എ എ.രാജയുടെ സത്യപ്രതിജ്ഞ ക്രമപ്രകാരമല്ലാത്തതിനാല്‍ 2500 രൂപ പിഴ ഒടുക്കണമെന്ന് സ്പീക്കറുടെ റൂളിങ്. സഭയില്‍ ഹാജരായ അഞ്ച് ദിവസത്തെ പിഴയാണ് ഒടുക്കേണ്ടത്.
ആദ്യം സത്യപ്രതിജ്ഞ ചെയ്ത മെയ് 24 മുതല്‍ ക്രമാനുസൃതമായി സത്യപ്രതിജ്ഞ നടത്തിയ ജൂണ്‍ 2ാം തീയതി വരെയാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ രാജ പങ്കെടുത്തതോ വോട്ട് രേഖപ്പെടുത്തിയതോ ആയ നടപടികള്‍ ഒന്നും തന്നെ അസാധുവാകില്ല.
എ.രാജ തമിഴ് ഭാഷയില്‍ നടത്തിയ സത്യപ്രതിജ്ഞയില്‍ അപാകത ഉണ്ടായിട്ടുണ്ടെന്നും അത് തിരുത്തണമെന്നും നിയമവകുപ്പ് സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ജൂണ്‍ 2ാം തീയതി ശരിയായ രീതിയില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്.
സത്യപ്രതിജ്ഞാ വാചകത്തില്‍ അവസാനമായി പരാമര്‍ശിക്കേണ്ടിയിരുന്ന ദൈവനാമത്തില്‍ അല്ലെങ്കില്‍ സഗൗരവം എന്നിവയില്‍ ഏതെങ്കിലും ഒരു വാക്കിന് സമാനമായ തമിഴ് വാക്ക് ഉള്‍പ്പെടുത്താതെയാണ് നിയമവകുപ്പ് തയ്യാറാക്കിയ സത്യപ്രിജ്ഞാ ഫോറം അംഗത്തിന് നല്‍കിയത്.
ഗുരുതരമായ വീഴ്ച സംഭവിച്ചത് ഏത് സാഹചര്യത്തിലാണെന്ന് വിശദമായി പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. നിയമവകുപ്പ് തയ്യാറാക്കിയ തമിഴ് ഭാഷയിലുള്ള സത്യപ്രതിജ്ഞാ വാചകം അപൂര്‍ണമായതിനാലാണ് രാജയുടെ സത്യപ്രതിജ്ഞയില്‍ പിശക് സംഭവിച്ചതെന്നാണ് നിയമവകുപ്പിന്റെ റിപ്പോര്‍ട്ട്.
Discussion about this post