വഴിയോരത്ത് വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കി ഡിവൈഎഫ്‌ഐക്കാര്‍ : കാറില്‍ പൊതുമരാമത്ത് മന്ത്രി, പ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്, സംഭവം ഇങ്ങനെ

Muhammed Riyas | Bignewslive

പെരുമ്പിലാവ് : തൃശൂര്‍ ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ കുടുങ്ങിയ ട്രക്ക് ഡ്രൈവര്‍മാര്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് രാത്രി ഭക്ഷണം വിതരണം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റുമായ മുഹമ്മദ് റിയാസ്.

കടവല്ലൂര്‍ ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി മന്ത്രിയുടെ വാഹനം അതുവഴി കടന്നു പോകുന്നത്.മന്ത്രിയെ കണ്ട ആവേശത്തില്‍ പ്രവര്‍ത്തകര്‍ കൈവീശിക്കാണിക്കുകയും ഫോണില്‍ സംസാരിക്കുകയായിരുന്ന മന്ത്രി വണ്ടി തിരിച്ച് അവരുടെ അടുത്തെത്തുകയും ചെയ്യുകയായിരുന്നു.എല്ലാവരുടെയും കൂടെ നിന്ന് ഫോട്ടോ എടുത്ത മന്ത്രി സന്നദ്ധപ്രവര്‍ത്തകരെ അഭിനന്ദിക്കാനും മറന്നില്ല. ഇനിയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന നിര്‍ദേശവും നല്‍കിയാണ് മന്ത്രി മടങ്ങിയത്.

കൈവീശിക്കാണിച്ചെങ്കിലും മന്ത്രി അടുത്ത് വരുമെന്നോ അഭിവാദ്യം ചെയ്യുമെന്നോ പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്ഷരാര്‍ഥത്തില്‍ മന്ത്രിയുടെ പ്രവര്‍ത്തി ഞെട്ടിച്ചുവെന്നും ഭക്ഷണ വിതരണത്തിന് നേതൃത്വം കൊടുത്ത മേഖല സെക്രട്ടറി യദുവും ട്രഷറര്‍ പ്രവീണും ബിഗ് ന്യൂസിനോട് പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള മന്ത്രിയുടെ ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Exit mobile version