കോലഞ്ചേരി : മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ കുട്ടിയുടെ പഠനം മുടങ്ങാതിരിക്കാന്‍ ശിശുക്ഷേമ സമിതിയുടെ ഇടപെടല്‍. പുതിയ ക്ളാസിലേക്ക് പ്രവേശിക്കേണ്ട തീയതി കഴിഞ്ഞിട്ടും പഴയ സ്കൂളില്‍ നിന്ന് ടിസി വാങ്ങാന്‍ അച്ഛനെത്താതിരുന്ന കുട്ടിക്കാണ് ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെടലിലൂടെ തൊട്ടടുത്ത വിദ്യാലയത്തില്‍ പ്രവേശനം ഉറപ്പാക്കിയത്.
അധ്യയന വര്‍ഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും കുട്ടിയുടെ രക്ഷിതാക്കള്‍ ടിസി വാങ്ങാന്‍ എത്താത്തതിനെ തുടര്‍ന്ന് സ്കൂള്‍ പിടിഎ, ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. മറ്റ് കുട്ടികള്‍ മേയില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇതര വിദ്യാലയങ്ങളില്‍ അഞ്ചാം ക്ളാസില്‍ ചേര്‍ന്നിരുന്നു. മാതാപിതാക്കള്‍ വേറെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ സസഹോദരന്റെയും പഠനം പ്രതിസന്ധിയിലാവുകയായിരുന്നു. കുട്ടികള്‍ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പം വാടകവീട്ടിലാണ് താമസിക്കുന്നത്.ഇവരുടെ വാര്‍ധക്യ സഹജമായ അസുഖങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലം ദുരിതത്തിലാണ് കുടുംബം.
നിയമപ്രകാരം കുട്ടിയുടെ സംരക്ഷമച്ചുമതല ഏറ്റിരുന്നത് പിതാവാണെങ്കിലും അദ്ദേഹം കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ സ്കൂള്‍ അധികൃതര്‍ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. മൂത്ത മകനെ മര്‍ദിച്ചതിന് പിതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസുണ്ട്. കുട്ടിയുടെ സ്കൂള്‍ പ്രവേശനം ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ശിശുക്ഷേമസമിതി ഉപാധ്യക്ഷന്‍ കെ.എസ് അരുണ്‍കുമാര്‍ പറഞ്ഞു.
Discussion about this post