തിരുവനന്തപുരം : കടന്നുപോകാന്‍ വൈകിപ്പിച്ചെന്ന് ആരോപിച്ച് രോഗിയെയും കൊണ്ട് വീട്ടിലെത്തി കാര്‍ യാത്രികനെ അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന പരാതിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ ശ്രീകാര്യം ചെറുവയ്ക്കല്‍ ലീലാഭവനില്‍ കീ-കീ എന്ന് വിളിക്കുന്ന വിശാഖി (27) നെതിരെ മംഗലപുരം പോലീസ് കേസെടുത്തു.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് കേസിനാസ്പദമായ സംഭവം.ഭാര്യാമാതാവിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മകളുമൊത്ത് കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷാനവാസ്. പള്ളിപ്പുറം ജംക്ഷന് സമീപം രണ്ട് കണ്ടെയ്നര്‍ ലോറികളെ മറികടക്കുമ്പോള്‍ ആംബുലന്‍സ് പിന്നാലെയെത്തുകയായിരുന്നു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്കയ്ക്കും കരളിനും ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം പരവൂര്‍ സ്വദേശിയായിരുന്ന 65കാരനെയും കൂട്ടിരിപ്പുകാരെയും ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ആംബുലന്‍സ്.
പിന്നില്‍ ആംബുലന്‍സ് എത്തിയതറിഞ്ഞ് ഷാനവാസ് കാര്‍ വേഗത്തില്‍ മുന്നോട്ടെടുത്ത് വശത്തേക്ക് ഒതുക്കി നിര്‍ത്തിയെങ്കിലും ആംബുലന്‍സ് അടുപ്പിച്ചു നിര്‍ത്തിയ ശേഷം ഡ്രൈവര്‍ വിശാഖ് അസഭ്യം പറയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.തുടര്‍ന്ന് ഷാനവാസ് വീട്ടിലേക്ക് പോയെങ്കിലും രോഷം തീരാത്ത വിശാഖ് കാറിനെ പിന്തുടര്ന്ന് ഷാനവാസിന്റെ വീട്ടിലെത്തുകയായിരുന്നു.വഴി മാറിയാണ് പോകുന്നതെന്ന് പോലും അറിയാതെ ഈ സമയമത്രയും രോഗിയും കൂടെയുള്ളവരും ആംബുലന്‍സില്‍ ഉണ്ടായിരുന്നു.വീടിന് മുന്നില്‍ വെച്ച് വിശാഖ് വീണ്ടും അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന് ഷാനവാസ് പറഞ്ഞു.
രോഗിയെ ഇറക്കിയ ശേഷം മടങ്ങി വരുമെന്നും ഞങ്ങള്‍ക്ക് എല്ലാത്തിനും ആളുണ്ടെന്നും ഭീഷണി മുഴക്കിയാണ് ഇയാള്‍ മടങ്ങിയത്. ഉടന്‍ തന്നെ ഷാനവാസ് മംഗലപുരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സൂരജ് എന്നയാളുടേതാണ് ആംബുലന്‍സ്.ഒരു ദിവസത്തേക്ക് തല്ക്കാലം എത്തിയ ഡ്രൈവറാണ് പ്രതിയെന്ന് മംഗലപുരം എസ്എച്ച്ഒ കെ.പി ടോംസണ് പറഞ്ഞു.
Discussion about this post