കോട്ടയം : ഇംഗ്ളണ്ടില്‍ മരിച്ച മലയാളി നഴ്സ് കോട്ടയം പൊന്‍കുന്നം സ്വദേശി ഷീജയുടെ മരണത്തില്‍ ഭര്‍ത്താവ് ബൈജുവിനെതിരെ പരാതിയുമായി ബന്ധുക്കള്‍. ഷീജയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും മരണത്തില്‍ ബൈജുവിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്.
ബൈജുവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് ഷീജ ഇംഗ്ളണ്ടില്‍ താമസിച്ചിരുന്നത്. കവന്‍ട്രി റൂസ്റ്റര്ഷെയറില് റെഡ്ഡിച്ച് പട്ടണത്തിലെ വീട്ടില്‍ തിങ്കളാഴ്ച് ഷീജയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഷീജ ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ബിജുവുമായുള്ള അസ്വാരസ്യങ്ങള്‍ വെളിപ്പെടുത്തി ഷീജ അടുത്ത സുഹൃത്തുക്കള്‍ക്ക് ശബ്ദസന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതാണ് ബന്ധുക്കളുടെ സംശയം വര്‍ധിപ്പിച്ചത്. പനി വന്നു കിടന്നപ്പോള്‍ നോക്കിയില്ലെന്നും ജീവിതത്തില്‍ സ്വസ്ഥതയില്ലാത്തതിനാല് ജീവനൊടുക്കുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
ഷീജയെ ബൈജു മര്‍ദിച്ചിരുന്നുവെന്നും ആറ് ലക്ഷത്തോളമുണ്ടായിരുന്ന ശമ്പളത്തില്‍ നിന്ന് ഷീജയുടെ ആവശ്യങ്ങള്‍ക്കായി പണം നല്‍കിയിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.റെഡിച്ചില്‍ വീട് വാങ്ങിയത് ഷീജയുടെ ശമ്പളമുപയോഗിച്ചാണ്. ഷീജയുടെ കൂടെ ഇംഗ്ളണ്ടിലെത്തിയ ബൈജു അവിടെ വീടുകളിലും സ്ഥാപനങ്ങളിലും ഫിറ്റിങ് ജോലികള്‍ ചെയ്തു വരികയായിരുന്നു.
ഷീജയുടെ രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ പരിചരണത്തിനായി അമ്മ ശ്യാമള ഇംഗ്ളണ്ടില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അന്ന് ഷീജയോട് ബൈജു ക്രൂരമായി പെരുമാറുന്നതിന് അമ്മ ദൃക്സാക്ഷിയാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു. പരമാവധി പൊരുത്തപ്പെട്ട് പോവാന്‍ ഷീജ ശ്രമിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്.
മരണം നടന്ന ദിവസം കുട്ടികളിലൊരാള്‍ക്ക് പനിയായതിനാല്‍ ജോലിസ്ഥലത്തുനിന്നെത്തി ആശുപത്രിയില്‍ കൊണ്ടുപോയെന്നും തിരികെയെത്തി വീടിന് മുമ്പില്‍ മകനെ ഇറക്കിവിട്ട് മടങ്ങിയെന്നുമാണ് പോലീസിന് ബൈജു നല്കിയ മൊഴി.വീടിനുള്ളില്‍ കയറിയ മകന് ഷീജയെ മരിച്ച നിലയില്‍ കണ്ടെത്തി.മകന് അറിയിച്ചതിനെത്തുടര്‍ന്ന് മടങ്ങിയെത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
മൃതദേഹം ഇംഗ്ളണ്ടില്‍ സംസ്കരിക്കാനാണ് നിലവില്‍ നീക്കം. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും നിവേദനം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് മുരളീധരന് അറിയിച്ചു.
Discussion about this post