കോഴിക്കോട് : റോഡുകളെപ്പറ്റിയുള്ള പരാതികള്‍ക്കായി മൊബൈല്‍ ആപ്പ് സംവിധാനം ജൂണ്‍ ഏഴിന് വരുമെന്ന പുതിയ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് ജനങ്ങള്‍.
മൂന്ന് കൊല്ലം മുമ്പ് ഇതേ ആവശ്യത്തിനായി പുറത്തിറക്കിയ ആപ്പ് കുഴിയിലായോ എന്ന ചോദ്യമാണ് നാട്ടുകാര്‍ക്ക്.പൊതുജനങ്ങള്‍ക്ക് റോഡുകളെപ്പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രി അറിയിച്ചത്. റോഡുകളെപ്പറ്റിയുള്ള പരാതി ആപ്പിലൂടെ അറിയിക്കാം. ആപ്പിലൂടെ ലഭിക്കുന്ന പരാതികള്‍ എസ്എംഎസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും.
പരാതി പരിഹരിച്ചശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ആപ്പ് ഗൂഗിള്‍ പ്‌ളേ സ്റ്റോറിലും ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞിരുന്നു.എന്നാല്‍ ഇതേ ഉദ്ദേശവുമായി 2019 ഓഗസ്റ്റ് 17ന് പൊതുമരാമത്ത് വകുപ്പ് ആപ്പ് പുറത്തിറക്കിയിരുന്നു. പിഡബ്‌ള്യൂഡി ഫിക്‌സിറ്റ് എന്ന പേരിലിറക്കിയ ആപ്പിന് റേറ്റിംഗ് 2.5 മാത്രമാണ്. ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും പരാതി നല്‍കാനോ കഴിയാതെ ആളുകള്‍ ചീത്തവിളിയുമായി റിവ്യൂബോക്‌സില്‍ നിറഞ്ഞിട്ടുമുണ്ട്.
സൈന്‍ ഇന്‍ പോലും ചെയ്യാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്.
പുതിയ ആപ്പ് വഴി മെയിന്റനന്‍സ് പണികള്‍ നടത്തേണ്ട റോഡുകള്‍ കണ്ടെത്താനും നിലവില്‍ അനുവദിച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും സാധിക്കുമെന്നാണ് കരുതുന്നത്. എന്നാലിത് എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.
Discussion about this post