തിരുവനന്തപുരം : ടൗട്ടേ ചുഴലിക്കാറ്റേല്‍പ്പിച്ച ദുരിതങ്ങള്‍ക്ക് മേല്‍ തലവേദനയായി പ്‌ളാസ്റ്റിക് മാലിന്യവും. കഴിഞ്ഞ ദിവസങ്ങളിലെ രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ അടിഞ്ഞ ടണ്‍ കണക്കിന് പ്‌ളാസ്റ്റിക് മാലിന്യമാണ് തീരദേശവാസികള്‍ക്ക് പുതിയ തലവേദനയായിത്തീര്‍ന്നിരിക്കുന്നത്.
പൂന്തുറ ചേരിയാമുട്ടം മുതല്‍ കിലോമീറ്ററുകളോളം ദൂരത്തിലാണ് പ്‌ളാസ്റ്റിക് അടിഞ്ഞിരിക്കുന്നത്. നഗരവാസികള്‍ കടലില്‍ തള്ളി ‘കുടിയോഴിപ്പിച്ച ‘ മാലിന്യമാണ് തിരിച്ച് അതേപടി എത്തിയിരിക്കുന്നത്. പാളയം ലെനിന്‍ നഗറില്‍ നിന്നാരംഭിച്ച് പൂന്തുറ പുത്തന്‍പാലത്തിന് സമീപം പാര്‍വതി പുത്തനാറുമായി ചേരുന്നത് വരെയുള്ള ദൂരം തോടിന്റെ വശങ്ങളില്‍ താമസിക്കുന്ന മിക്കവരും പ്‌ളാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം തള്ളുന്നത് തോട്ടിലേക്കാണ്.
കോര്‍പ്പറേഷന്‍ വര്‍ഷം തോറും തോട് വൃത്തിയാക്കാറുണ്ടെങ്കിലും ഇത്തവണ വേനല്‍ മഴ കടുത്തതോടെ തോട്ടില്‍ അടിഞ്ഞിരുന്ന മാലിന്യം കുത്തിയൊലിച്ച് പുത്തനാറില്‍ ചേര്‍ന്നു. എന്നാല്‍ വീശിയടിച്ച കാറ്റില്‍ കടല്‍ ഇവയെ സുരക്ഷിതമായി തിരികെയെത്തിച്ചു. പൂന്തുറ മടുവം റോഡിന് അഭിമുഖമായി താമസിക്കുന്നവരുടെ വീടുകള്‍ക്കുള്ളിലെല്ലാം പ്‌ളാസ്റ്റിക് മാലിന്യം നിറഞ്ഞു. ഇത് വൃത്തിയാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ട്. നിരോധിത പ്‌ളാസ്റ്റിക് ക്യാരി ബാഗുകളും പഴയ ചെരുപ്പുകളുമാണ് കരയില്‍ അടിഞ്ഞതില്‍ ഭൂരിഭാഗവും.
പ്‌ളാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാത്തതിന്റെ ഫലമാണ് തീരദേശവാസികള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. സര്‍ക്കാരും കോര്‍പ്പറേഷനും പല കുറി പ്‌ളാസ്റ്റിക് വില്‍പനയും ഉപയോഗവും നിരോധിച്ചെങ്കിലും ഇപ്പാേഴും നഗരത്തില്‍ പ്‌ളാസ്റ്റിക് സുലഭമാണ്.
Discussion about this post